- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ട്വിറ്ററിനെതിരെ ഡൽഹിയിൽ പുതിയ കേസ്; ചട്ടം പുതുക്കിയ ശേഷം രാജ്യത്ത് ട്വിറ്ററിനെതിരെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസ്
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പേരിൽ ട്വിറ്ററിനെതിരെ പുതിയ കേസ്. ട്വിറ്ററിന് രാജ്യത്തെ നിയമപരിരക്ഷ നഷ്ടപ്പെട്ടശേഷം നേരിടേണ്ടിവരുന്ന നാലാമത്തെ കേസാണിത്. പോക്സോ, ഐടി വകുപ്പുകൾ പ്രകാരമുള്ള കേസാണു പുതിയത്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണു ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻസിപിസിആറിന്റെ (നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
വിഷയത്തിൽ കമ്മിഷൻ നേരത്തേയും പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ സൈബർ സെല്ലിനും ഡൽഹി പൊലീസ് മേധാവിക്കും രണ്ടു തവണ കത്തെഴുതുകയും ചെയ്തു. സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജൂൺ 29ന് മുൻപായി തങ്ങളുടെ മുൻപിൽ ഹാജരാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഗസ്സിയാബാദിൽ ഇസ്ലാം മതവിശ്വാസിയായ ഒരാൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലും ഈ മാസം ആദ്യം ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു.
ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നതു വിലക്കി കർണാടക ഹൈക്കോടതിയുടെ വിധിയുണ്ട്. വിധിയെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു. ട്വിറ്ററിൽ ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിച്ചെന്ന പരാതിയിലും ട്വിറ്റർ മേധാവിക്കെതിരെ യുപിയിൽ കേസുണ്ട്. ഇതേ പരാതിയിൽ മധ്യപ്രദേശിലും കേസെടുത്തിട്ടുണ്ട്.
അതേസമയം അക്കൗണ്ട് ലോക്ക് ചെയ്തതിൽ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ശശി തരൂരിന്റെയും രവിശങ്കർ പ്രസാദിന്റെയും അക്കൗണ്ട് ലോക്ക് ചെയ്തതിലാണ് നടപടി. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ