കണ്ണൂർ: പിതാവിനൊപ്പം വീടുവിട്ടിറങ്ങിയ മകൻ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത് കുടിയേറ്റ ഗ്രാമമായ ജോസ്ഗിരിയെ നടുക്കി. ചെറുപുഴ പഞ്ചായത്തിൽ ജോസ്ഗിരിയിലെ പുതിയേടത്ത് ഷാജിയുടെ മകൻ ജോബിനാണ് ഇത്തരമൊരു ദുരന്തമുണ്ടായത്.

ജോബിന്റെ പിതാവ് ഷാജിയെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയുമില്ല. ഇരുവരേയും കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയപ്പോഴാണ് ജോബിന്റെ മൃതദേഹം കാണപ്പെട്ടത്.

കട്ടം പള്ളി തോടിന് സമീപത്തെ മുളംകൂട്ടത്തിനിടയിൽ ഉറുമ്പരിച്ച നിലയിലായിരുന്നു ജോബിന്റെ മൃതദേഹം. തൊട്ടടുത്ത് ശീതള പാനീയത്തിന്റെ ഒഴിഞ്ഞ പാക്കറ്റും പലഹാരത്തിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. ജോബിന്റെ തലയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. മൂന്ന് മക്കളുള്ള ഷാജിക്ക് മകൻ സുന്ദരനായതിൽ ഭാര്യയിൽ സംശയം ജനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതേച്ചൊല്ലി ഇവർതമ്മിൽ പല തവണ തർക്കങ്ങളും ഉണ്ടാകുമായിരുന്നു.

ഷാജിയുടെ മൂത്ത രണ്ട് പെൺമക്കൾക്ക് അയാളുടെ കണ്ണിൽ സൗന്ദര്യമില്ലായിരുന്നു. അതുകൊണ്ട് അവരെ കോഴിക്കോട് കോൺവെന്റിൽ ചേർത്തായിരുന്നു പഠിപ്പിച്ചിരുന്നത്. സുന്ദരനായ മൂന്നാമത്തെ മകൻ ജോബിൻ തന്റേതല്ലെന്ന തോന്നൽ ഷാജിയെ അസ്വസ്ഥനാക്കിയിരുന്നു. കാരണമില്ലാതെ ജോബിനെ തല്ലുന്നതും ശകാരിക്കുന്നതും പതിവായിരുന്നു. അതിനാൽ പപ്പയെ ജോബിൻ വെറുത്തിരുന്നു. ഇക്കാര്യം കൂട്ടുകാരോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്്്. പതിവിന് വിപരീതമായി അടുത്ത കാലത്തായി ജോബിനോട് ഷാജി സ്‌നേഹത്തോടെ പെരുമാറുന്നതായും പുഴയും കാടും കാട്ടിത്തരാമെന്ന് പറഞ്ഞ് ജോബിൻ സഹപാഠികളെ സന്തോഷത്തോടെ അറിയിച്ചിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഞായറാഴ്ച വീട്ടിലാരും അറിയാതെ മകനേയും കൂട്ടി ഷാജി വീട് വിട്ട് ഇറങ്ങിയത്. ജോബിന്റെ മരണത്തിന്റെ കാരണം ഈ യാത്രയാകാമെന്ന് നാട്ടുകാരും കൂട്ടുകാരും കരുതുന്നു. വിഷം അകത്ത് കടന്നതാകാം മരണകാരണമെന്ന് സംശയം ഉയർന്നെങ്കിലും പ്രാഥമിക പോസ്റ്റ് മോർട്ടത്തിൽ ഇത് വ്യക്തമാക്കപ്പെട്ടില്ല.

ജോബിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലവും പരിസരവും നാട്ടുകാരും പൊലീസും അരിച്ചുപെറുക്കിയെങ്കിലും ഷാജിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ സംഭവത്തിന്റെ ദുരൂഹത ഏറുകയാണ്. കാനംവയൽ സ്വദേശി ആൻസിയാണ് ഷാജിയുടെ ഭാര്യ. കൂലിത്തൊഴിലാളിയായ ഷാജിയും കുടുംബവും ജോസ്ഗിരി ടൗണിൽ തന്നെയാണ് താമസിക്കുന്നത്.

ജോബിന് നേരിട്ട ദുരന്തത്തിൽ സ്തംഭിച്ചിരിക്കുകയാണ് നാട്ടുകാർ. മകനേയും കൂട്ടി രാത്രിയിൽ സ്ഥലം വിട്ടത് എന്തിനെന്ന കാര്യവും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഷാജി എവിടെയെന്ന അന്വേഷണത്തിലാണ് പൊലീസും നാട്ടുകാരും. കൃത്യം നിർവ്വഹിച്ചത് ഷാജിയാണെന്ന വിശ്വാസം മലയോരമേഖലയായ ജോസ് ഗിരിയിൽ ദൃഢമായിരിക്കയാണ്.

ജോസ്ഗിരിയിലെ സെന്റ്‌ജോസഫ് സ്‌ക്കൂളിലെ നാലാം തരം വിദ്യാർത്ഥിയാണ് ജോബിൻ. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജോസ്ഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു.