വാഷിങ്ടൻ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ് യുഎസ് കോൺഗ്രസിലെ 18 ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ ബഹിഷ്‌കരിക്കും. വലിയ പ്രതിഷേധം ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് ദിവസം സംഘടിപ്പിക്കാനാണ് തീരുമാനം. ഇത് മനസ്സിലാക്കി ട്രംപും മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. 5000 ബൈക്ക് സേനാംഗങ്ങളെ ഒരുക്കുകയാണ് ട്രംപ്. വലിയ തോതിൽ പ്രതിഷേധം സ്ഥാനാരോഹണ ദിവസമുണ്ടാകുമെന്നാണ് ട്രംപും പ്രതീക്ഷിക്കുന്നത്. ഇത്തരക്കാരെ ബൈക്ക് സേന തെരുവിൽ തന്നെ നേരിടും.

യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യ കൈകടത്തിയെന്നതിനു പുറമേ പ്രമുഖ പൗരാവകാശപ്രവർത്തകനും കറുത്ത വർഗക്കാരനുമായ ജോൺ ലെവിസിനെ ട്രംപ് ആക്ഷേപിച്ചുവെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്‌കരണവും. റഷ്യൻ കൈകടത്തലുണ്ടായതിനാൽ ട്രംപിനെ നിയമാനുസരണം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി കാണാനാവുകയില്ലെന്നും അതിനാൽ സ്ഥാനാരോഹണത്തിൽ പങ്കെടുക്കില്ലെന്നും ലെവിസ് പറഞ്ഞതാണ് ട്രംപിനെ കുപിതനാക്കിയത്. വർത്തമാനം പറയാതെ സ്വന്തം ജില്ലയിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ നോക്കെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

വർത്തമാനം മാത്രമേയുള്ളൂ, ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരാവകാശ രംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന നേതാവായ ലെവിസ് 1987 മുതൽ പതിനാറു തവണയാണ് ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആദ്യമായാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങ് അദ്ദേഹം ബഹിഷ്‌കരിക്കുന്നതും. അര നൂറ്റാണ്ട് മുൻപ് പ്രകടനത്തിനിടയിൽ തലയോട്ടിക്കു പൊട്ടലുണ്ടായ ശേഷം അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കു തുല്യാവകാശം ഉറപ്പാക്കുന്നതിനുള്ള പോരാട്ടത്തിനായി ശിഷ്ടജീവിതം നീക്കിവച്ചിട്ടുള്ളയാളുമാണ്. ഇതിനിടെ, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് അടക്കമുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ചു രാജ്യത്തു പലയിടത്തും പ്രകടനങ്ങൾ നടന്നു. ഇത് ശക്തമാക്കാനാണ് തീരുമാനം.

സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചുള്ള പ്രതിഷേധ പരിപാടികൾക്കു പൗരാവകാശ സംഘടനകൾ തുടക്കം കുറിച്ചുകഴിഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാരിടകൾക്കാണു പൗരാവകാശ സംഘടനകൾ തുടക്കമിട്ടത്. മഴയെ അവഗണിച്ചു നൂറുകണക്കിനു പേർ റാലിയിൽ പങ്കെടുത്തു. കറുത്ത വർഗ്ഗക്കാരായിരുന്നു ഇതിൽ ഭൂരിഭാഗവും. ജനുവരി 20നു ശേഷം തങ്ങൾ കൂടുതൽ കരുത്തോടെ തെരുവിലങ്ങുമെന്നു മുന്നറിയിപ്പും നൽകി. ന്യൂനപക്ഷങ്ങളും കറുത്തവർഗക്കാരും നേരിടുന്ന ഭീഷണികളും ഒബാമ കെയറിനെക്കുറിച്ചുള്ള ആശങ്കകളും മാർച്ചിൽ പങ്കെടുത്തവർ പങ്കുവച്ചു.

ജനുവരി 21ന് യുഎസ് വനിതകൾ നടത്തുന്ന കൂറ്റൻ മാർച്ചിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണു വുമൺസ് മാർച്ച് ഒൺ ഡിസി എന്ന പേരിൽ റാലി സംഘടിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണു സംഘാടകരുടെ അവകാശവാദം.