- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപിക്കുന്ന വെള്ളാപ്പള്ളിമാർ ഉത്തരം പറയുമോ? സ്വകാര്യ ക്ഷേത്രമായ ആറ്റുകാലിന് സർക്കാർ നൽകുന്നത് അഞ്ച് കോടി; കൂടാതെ കോടികളുടെ അടിസ്ഥാന സൗകര്യം വേറെ; ഒരു ദിവസം തലസ്ഥാനം സ്തംഭിപ്പിക്കുന്നതിന് കണക്കുണ്ടോ?
തിരുവനന്തപുരം: അഞ്ചാം മന്ത്രി പദവി മുതൽ ഉമ്മൻ ചാണ്ടി സർക്കാർ ഭൂരിപക്ഷ വിരുദ്ധമാണെന്നാണ് വിമർശനം ഉയർത്തുന്നത്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനങ്ങളിൽ മനംമടുത്ത് എസ്എൻഡിപി യൂണിയൻ രാഷ്ട്രീയ പാർട്ടി പോലും തുടങ്ങി. ക്ഷേത്ര വരുമാനം മുഴുവൻ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നുവെന്ന് ബിജെപിയും ആരോപിച്ചു. ഈ വാദങ്ങളുയർത്തുന്നവർ ചിലത് കണ്ടില്ല
തിരുവനന്തപുരം: അഞ്ചാം മന്ത്രി പദവി മുതൽ ഉമ്മൻ ചാണ്ടി സർക്കാർ ഭൂരിപക്ഷ വിരുദ്ധമാണെന്നാണ് വിമർശനം ഉയർത്തുന്നത്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനങ്ങളിൽ മനംമടുത്ത് എസ്എൻഡിപി യൂണിയൻ രാഷ്ട്രീയ പാർട്ടി പോലും തുടങ്ങി. ക്ഷേത്ര വരുമാനം മുഴുവൻ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നുവെന്ന് ബിജെപിയും ആരോപിച്ചു. ഈ വാദങ്ങളുയർത്തുന്നവർ ചിലത് കണ്ടില്ലെന്ന് നടക്കുന്നു. സർക്കാരിന്റെ ഇടപെടലുകൾ അനുകൂലമാകുമ്പോൾ മൗനത്തിലാകും.
ശബരിമലയുടെ വരുമാനം സർക്കാർ കൊള്ളയടിക്കുന്നില്ലെന്ന ആക്ഷേപം എങ്ങുമെത്താതെ പോയി. ഭക്തരുടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ ശബരിമലയിലുണ്ട്. എന്നാൽ സർക്കാർ ഫണ്ട് തട്ടുന്നുവെന്നത് ശരിയല്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനായതോടെയായിരുന്നു ഇത്. ക്ഷേത്രങ്ങളുടെ വികസനത്തിന് സർക്കാർ കോടികൾ നൽകുന്നുണ്ടെന്ന് വിഡി സതീശനെ പോലുള്ളവർ വാദിച്ചപ്പോഴും ഹിന്ദു ഐക്യവേദി നേതാക്കൾ അത് അംഗീകരിച്ചില്ല. എന്നാൽ സർക്കാർ പറഞ്ഞതിൽ പലകാര്യവുമുണ്ടെന്ന് വ്യക്തമാവുകയാണ് ഇവിടെ. സ്വകാര്യ ട്രസ്റ്റാണ് ആറ്റുകാൽ ക്ഷേത്രം. അതുകൊണ്ട് തന്നെ അതിന്റെ ഉൽസവം തീർത്തും സ്വകാര്യവും.
ആറ്റുകാൽ ക്ഷേത്രത്തിന്റെ പൊങ്കാല മഹോൽസവത്തിന് ലക്ഷങ്ങൾ തലസ്ഥാനത്ത് എത്തും. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത സർക്കാരിനുമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് സഹായം നൽകുന്നതിനെ ചോദ്യം ചെയ്യാൻ കഴിയുകയുമില്ല. എന്നാൽ സർക്കാരിനെ ന്യൂനപക്ഷ പ്രീണനത്തിന്റെ വിമർശന മുനയിൽ നിർത്തുന്നവർ സ്വകാര്യക്ഷേത്രമായ ആറ്റുകാലിന് നൽകുന്ന സഹായങ്ങൾ സർക്കാരിന് അനുകൂലമായി ഉയർത്തിക്കാട്ടുന്നില്ല. കേരളത്തിലെ ഒരു പള്ളിയുടേയും ഉൽസവങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കുന്നില്ല. എന്നിട്ടും ക്ഷേത്ര ഖജനാവ് കൊള്ളയടിക്കുന്നുവെന്നും മറ്റും ബിജെപിയും അവരുടെ അനുകൂലികളും പ്രചരിപ്പിക്കുന്നു.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്നും അത് ഹിന്ദുക്കളോടുള്ള അനീതിയാണെന്നുമായിരുന്നു പ്രചരണം. ലീഗും കേരളാ കോൺഗ്രസും അടങ്ങിയ യുഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ഈ ആക്ഷേപം കൂടുതൽ ശക്തമായിരുന്നത്. വെള്ളാപ്പള്ളി നടേശൻ നടത്തിയ സമത്വ മുന്നേറ്റ യാത്രയിൽ പങ്കെടുത്ത മിക്ക നേതാക്കളും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നമറുപടിയുമായി ദേവസ്വം മന്ത്രി വി എസ് ശിവകുമാർ രംഗത്തെത്തി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ലെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ക്ഷേത്രങ്ങളുടെ വികസനത്തിനായി സർക്കാർ അങ്ങോട്ട് കോടിക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കിയാണ് വി.ഡി.സതീശന്റെ സബ്മിഷന് ദേവസ്വംവകുപ്പ് മന്ത്രി മറുപടി നൽകിയത്. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുക്കുന്നുണ്ടെന്നത് അവാസ്തവ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 231.38 കോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കൊച്ചി ദേവസ്വം ബോർഡിനു മാത്രമായി രണ്ടുകോടി രൂപയും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 61 കോടി രൂപയും നൽകിയിട്ടുണ്ടെന്ന വ്യക്തമായ കണക്കുകൾ മന്ത്രി നിയമസഭയിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കൈക്കലാക്കി വകമാറ്റി ചെലവഴിക്കുന്നുവെന്ന രീതിയിൽ വർഗീയ പ്രചരണങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതെല്ലാം അവാസ്തവമാണെന്നും മന്ത്രി ശിവകുമാർ പറഞ്ഞു. അതിന് ശേഷവും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദങ്ങളെത്തി. അതുകൊണ്ട് മാത്രമാണ് ആറ്റുകാലിലെ ഉത്സവ നടത്തിപ്പിന് സർക്കാർ നൽകുന്ന സഹായം ഉയർത്തിക്കാട്ടേണ്ടി വരുന്നത്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു എത്തുന്ന ഭക്തർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും ക്ഷേത്രത്തിനു ചുറ്റുമുള്ള ഉത്സവമേഖലയുടെ വികസന പ്രവർത്തനങ്ങൾക്കുമായി അഞ്ച് കോടി രൂപ ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം അവലോകന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പലതും നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തവണ നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടിയത്. ഫെബ്രുവരി 15 മുതൽ 24 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. 23നാണ് പൊങ്കാല. ഉത്സവമേഖലയിലെ 28 നഗരസഭാവാർഡുകൾക്ക്, അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി അഞ്ച് ലക്ഷം രൂപവീതം അനുവദിക്കും.
സുരക്ഷയ്ക്കും ഭക്തജനസേവനത്തിനുമായി വനിതകൾ ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ ,പൊലീസ് ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും. റവന്യൂ വകുപ്പ് കൺട്രോൾ റൂം തുറക്കും. 1250 താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. രണ്ടു പുതിയ ട്രാൻസ്‌ഫോമറുകൾ കെ.എസ്.ഇ.ബി സ്ഥാപിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തും. നഗരസഭാ റോഡുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് യോഗത്തെ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. ആരോഗ്യവകുപ്പ് വൈദ്യസഹായം നൽകുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കും. അത്യാവശ്യമായ മാൻഹോളുകൾ പുനർനിർമ്മിച്ച് ലൈനുകൾ വൃത്തിയാക്കി സ്വീവറേജ് സിസ്റ്റം കുറ്റമറ്റതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ പറയുന്നു. അതായത് എല്ലാ കൂടെ സർക്കാർ ഖജനാവിൽ നിന്ന് ഏഴ് കോടിയിലധികം ആറ്റുകാൽ ഉൽസവത്തിനായി ചെലവാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് ടൗൺഷിപ്പ് പദ്ധതി വേറെയുമുണ്ട്. ഇതിനും കോടികളാണ് ചെലവഴിക്കുന്നത്.
ഇതു പോലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളുടേയും പ്രാദേശിക ഉത്സവത്തിന് സർക്കാർ സഹായം നൽകുന്നുണ്ട്. പണം കൊടുത്തില്ലെങ്കിൽ എല്ലാം സർക്കാരിന്റെ വീഴ്ചയായി ഉയർത്തിക്കാട്ടും. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് തന്നെ ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കം വിലയിരുത്തുന്നത്. ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇതെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. എന്നാൽ സ്വകാര്യ ട്രസ്റ്റായ ആറ്റുകാലിന് പ്രതിദിനം പതിനായിരങ്ങളുടെ വരുമാനം ഉണ്ട്. അതുപയോഗിച്ച് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ ഉൽസവവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കേണ്ടതുണ്ടോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. പൊങ്കാല ദിവസം തിരുവനന്തപുരം പൂർണ്ണമായും സ്തംഭിക്കും. അതിലൂടെ ഉണ്ടാകുന്ന നഷ്ടം കണക്കാക്കാൻ പറ്റാത്തതുമാണ്.
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്‌ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ഇത്തരം ചർച്ചകൾ സജീവമാക്കുന്നവർ ആറ്റുകാലിലെ സർക്കാർ സഹായത്തെ പറ്റി മിണ്ടുന്നില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ആറ്റുകാലിനെ വിവാദത്തിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രതികരണവുമില്ല. ആരെന്ത് പറഞ്ഞാലും കടമകൾ നിർവ്വഹിക്കുമെന്നാണ് ദേവസം മന്ത്രി വി എസ് ശിവകുമാറിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.