ടെന്നീസീ: കിഴക്കൻ ടെന്നീസിക്കടുത്ത് ഗ്രേറ്റ് സ്‌മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിൽ ടൂറിസ്റ്റ് ഹെലികോപ്ടർ തകർന്ന് അഞ്ചു മരണം. ടൂറിസ്റ്റുകളേയും കൊണ്ടെത്തിയ ഹെലികോപ്ടർ മലനിരകളിൽ ഇടിച്ചതിനെ തുടർന്ന് തീപിടിച്ചാണ് അപകടമുണ്ടായത്. 

ടൂറിസം മേഖലയായ സെവീർവില്ലെയിൽ നാലും അഞ്ചും തവണ ടൂറിസ്റ്റുകളേയും വഹിച്ചുകൊണ്ട് ഹെലികോപ്ടറുകൾ വരാറുള്ളതാണെന്ന് സമീപവാസികൾ പറയുന്നു. ടൂറിസ്റ്റുകളെ ത്രില്ലടിപ്പിക്കുന്നതിനായി ഹെല്‌കോപ്ടർ ഓപ്പറേറ്റർമാർ പർവതങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും മരങ്ങൾക്കും അടുത്ത ഹെലികോപ്ടർ ഓടിക്കാറുണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇത്തരത്തിലുള്ള സാഹസമായിരിക്കാം ഹെലികോപ്ടർ പർവത നിരകളിൽ ഇടിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അപകടത്തെ തുടർന്ന് ഒരു ഡസനിലധികം എമർജൻസി വാഹനങ്ങൾ അപകടസ്ഥലത്ത് പാഞ്ഞെത്തി. സർവീർവില്ലെയ്ക്കടുത്ത് ഡോളി പാർട്ടൻസ് ഡോളിവുഡ് തീം പാർക്കിൽ നിന്ന് മൂന്നു മൈൽ അകലെയാണ് അപകടം നടന്ന സ്ഥലം. മരങ്ങൾ തിങ്ങിവളരുന്ന ഈ മേഖലയിൽ അപകടത്തിനു ശേഷം പുകപടലങ്ങൾ നിറഞ്ഞുവെന്നും പീജിയൻ ഫോർജ് ഫയർ ഡിപ്പാർട്ട്‌മെന്റ് യൂണിറ്റ് എത്തുകയും ചെയ്തുവെന്നും എമർജൻസി സർവീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.