കുവൈത്ത് സിറ്റി: ഫഹാഹീൽ എക്സ്‌പ്രസ്വേയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്ത്യക്കാരടക്കം ആറ് പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. ഒരാൾ ഫിലിപ്പൈൻസ് സ്വദേശിയും.

കുവൈത്ത് സിറ്റിക്കും ഫഹാഹീലിനും ഇടയിൽ സബാഹ് സാലിമിന് സമീപത്താണ് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ അപകടമുണ്ടായത്. കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് പോയ കെ.ജി.എൽ കമ്പനിയുടെ 102ാം നമ്പർ ബസാണ് അപകടത്തിൽ പെട്ടത്. മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയും തുടർന്ന് മറിയുകയുമായിരുന്നു. ബസിനടിയിൽ പെട്ടാണ് കൂടുതൽ പേരും മരിച്ചത്.

വെള്ളിയാഴ്ചയായതിനാൽ ബസിൽ പതിവിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു. ബസ് ഡ്രൈവറും ഏതാനും യാത്രികരും തൽക്ഷണം മരിച്ചതായി ദൃക്‌സാക്ഷികൾ പറുന്നു. അപകടം നടന്ന വിവരം അറിഞ്ഞയുടൻ സ്ഥലത്തത്തെിയ പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.