പുതിയ അഞ്ച് പൗണ്ട് നോട്ടിൽ മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ബ്രിട്ടനിലെ ഹിന്ദുക്ഷേത്രങ്ങളിൽ പ്രസ്തുത നോട്ട് നിരോധിച്ചു. ഇതിന് പുറമ വെജിറ്റേറിയൻ ഹോട്ടലുകളിലും ഇവ എടുക്കാൻ ഉടമകൾ വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ മൃഗക്കൊഴുപ്പുണ്ടെന്ന് അറിയാതെയാണ് സെപ്റ്റംബർ മുതൽ മിക്കവരും ഈ നോട്ട് കൈകാര്യം ചെയ്യുന്നത്.ഇവിടുത്തെ നാല് ക്ഷേത്രങ്ങളിൽ പുതിയ അഞ്ച് പൗണ്ട് നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടന്നൊണ് നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെമ്പിൾസ് യുകെയിലെ സതീഷ് ശർമ ബിബിസി ഏഷ്യൻ നെറ്റ് വർക്കിനോട് പ്രതികരിച്ചിരിക്കുന്നത്. ഹെർട്ട്ഫോർഡ്ഷെയറിലെ അൽഡെൻഹാമിലുള്ള ഭക്തിവേദാന്ത മാനർ അടക്കമുള്ള ക്ഷേത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ നിരവധി വെജിറ്റേറിയൻ കഫേകളിലും ഈ നോട്ടിന് വിലക്കുണ്ട്.കേംബ്രിഡ്ജിലെ റെയിൻബോ കഫേ ഇതിൽ പെടുന്ന ഒന്നാണ്.

ഈ നോട്ടിനെക്കുറിച്ച് നിരവധി പ്രമുഖർ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ നോട്ടിൽ പൂച്ചയുടെയോ നായയുടെയോ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരുന്നുവെങ്കിൽ രാജ്യത്ത് കലഹം ഉണ്ടാവുമെന്നാണ് പ്രശസ്ത ഗായകൻ മോറിസേ അഭിപ്രായപ്പെടുന്നത്. പുതിയ നോട്ടിലെ ടാലോയിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതിനെക്കുറിച്ച് ജനങ്ങളെ നല്ല രീതിയിൽ ബോധവൽക്കരിക്കേണ്ട ചുമതല ഇവിടുത്തെ മാദ്ധ്യമങ്ങൾക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നോട്ടിൽ മൃഗക്കൊഴുപ്പുപയോഗിക്കുന്നത് ഒരു ധാർമിക പ്രശ്നമായി കരുതുന്നുവെങ്കിൽ അത്തരക്കാർ തങ്ങളുടെ ശരീരം ഭാവിയിലെ അഞ്ച് പൗണ്ട് നോട്ടുകളിൽ ഉപയോഗിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നൽകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.താൻ പെർഫോം ചെയ്യുന്ന ഫെസ്റ്റിവെലുകൾക്കിടെ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളിൽ മാംസം പാചകം ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2009ൽ വിവാദം സൃഷ്ടിച്ച ഗായകനാണ് മോറിസേ.

നോട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് അസഹ്യമായ നടപടിയാണെന്നാണ് റെയിൻബോ കഫെ നടത്തുന്ന ഷാരോൺ മെയ്ജ്ലാൻഡ് പ്രതികരിച്ചിരിക്കുന്നത്. ഈ പോളിമർ നോട്ടിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യമാകമാനമുള്ള ആയിരക്കണക്കിന് വെജിറ്റേറിയൻകാരും വേഗൻസും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.നോൺ വെജിറ്റേറിയൻ ആയ യാതൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് തങ്ങളുടെ ബിസിനസിന്റെ അടിസ്ഥാനമെന്നും അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ കഫേയിൽ ഇത്തരം നോട്ടുകൾ ഉപയോഗിക്കാനാവില്ലെന്നും മെയ്ജ്ലാൻഡ് ബിബിസിയോട് പറഞ്ഞത്. ഇതിന്റെ പേരിൽ കസ്റ്റമർമാർക്കുണ്ടായ അസൗകര്യത്തിന് അദ്ദേഹം മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. പുതിയ നയം സ്വീകരിച്ച ശേഷം ഒരൊറ്റ ഉപഭോക്താവ് പോലും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അഞ്ച് പൗണ്ട് നോട്ടിൽ നിന്നും മൃഗക്കൊഴുപ്പടങ്ങിയ ടാലോ നീക്കം ചെയ്യണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ട് ഒരു പെറ്റീഷൻ ലോഞ്ച് ചെയ്തിട്ടുണ്ട്. കുംബ്രിയയിലെ കെസ്വിക്കിലുള്ള ഡൗഗ് മോയാണീ പെറ്റീഷൻ ആരംഭിച്ചിരിക്കുന്നത്. ഇതിൽ ആയിരക്കണക്കിന് പേർ ഒപ്പ് വച്ചിട്ടുണ്ട്.ടാലോയുടെ രൂപത്തിൽ നോട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ മില്യൺ കണക്കിന് വെജിറ്റേറിയന്മാർക്കും വേഗന്മാർക്കും അസ്വീകാര്യമാണെന്നാണീ പെറ്റീഷൻ പറയുന്നത്. കൂടാതെ യുകെയിലെ ഹിന്ദുക്കൾ , സിഖുകാർ, ജൈനന്മാർ, തുടങ്ങിയവർക്കും ഇത് ഉൾക്കൊള്ളാനാവില്ലെന്നും പെറ്റീഷൻ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഉപയോഗിക്കുന്ന നോട്ടുകളിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കരുതെന്നും പെറ്റീഷനിൽ ഒപ്പ് വച്ചവർ ആവശ്യപ്പെടുന്നു. അടുത്ത വർഷം പുറത്തിറങ്ങുന്ന പുതിയ 10 പൗണ്ട് നോട്ട്, 2020ൽ ഇറങ്ങുന്ന 20 പൗണ്ട് പോളിമർ നോട്ട് എന്നിവയും ഇതേ രീതിയിലാണ് നിർമ്മിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ടാലോ എന്നത് മെഴുകുതിരിയലും സോപ്പിലും വ്യാപകമായി ഉപയോഗിക്കുന്ന പദാർത്ഥമാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്.