- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി ഇരട്ടപ്രഹര ശേഷി; റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി; സേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും മന്ത്രി; മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ സാധിക്കും
അംബാല: ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി മുതൽ ഇരട്ടക്കരുത്ത്. റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയതോടെയാണ് സേനക്ക് പുതിയ കരുത്തു വന്നിരിക്കുന്നത്. അംബാലയിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും. അതിർത്തിയിലെ നിലവിലെ അന്തരീക്ഷത്തിൽ ഇത് ഏറെ പ്രധാനമാണെന്നും പ്രതിരോധമന്ത്രി കൂട്ടി ചേർത്തു.
വ്യോമസേനയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇതെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൻ ആർ കെ എസ് ബദൗരിയയും ചടങ്ങിൽ പറഞ്ഞു. ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയറും ചടങ്ങിൽ പങ്കെടുത്തു. റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണാകുന്നത്. റഫാൽ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം ചടങ്ങിന്റെ മാറ്റുകൂട്ടി.
സർവധർമ്മപൂജയോടെയാണ് റഫാലിനെ സേനയുടെ ഭാഗമാക്കൽ ചടങ്ങ് ആരംഭിച്ചത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ് പുരോഹിതന്മാർ അംബാല എയർബേസിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു. ഫ്രാൻസിൽ നിന്നും വാങ്ങിയ അഞ്ച് യുദ്ധവിമാനങ്ങളാണ് വ്യോമസേനയുടെ ആയുധശേഖരത്തിലേക്ക് കൈമാറുന്നത്. റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണ് ആകുന്നത്. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനത്തിന് ശേഷം, റഫാൽ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ നടന്നു. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും. ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.
മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും.59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. റഫാൽ കൈമാറ്റചടങ്ങിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫ്രാൻസിനെയും വെല്ലുന്ന ടെക്നോളജി
ഫ്രാൻസിന്റെ കയ്യിൽ നിന്നാണ് ഇന്ത്യ റഫാൽ വിമാനം വാങ്ങുന്നതെങ്കിലും ടെക്നോളജിയുടെ കാര്യത്തിൽ ഈ വിമാനം മറ്റെല്ലാവരെയും കടത്തിവെട്ടും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച റഫാൽ പോർവിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിച്ചത്. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ എത്തിയത്.
പലപ്പോഴും പോർവിമാനത്തിന്റെ മികവു മാത്രമല്ല പ്രധാന ഘടകം. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള 'സന്മനസ്സ്', വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്പെയർ പാർട്സുകൾ നൽകാനുള്ള 'സന്മനസ്സ്', വിൽക്കുന്ന രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം പ്രധാന ഘടകങ്ങളാണ്. ഡാസാൾട്ട് നിർമ്മിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമ്മാണമികവിന് ഒരു സർട്ടിഫിക്കറ്റാണ് മിറാജ് എന്നു പറയാം. സ്പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്നമുണ്ടായിട്ടില്ല.
റഫാൽ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യയുടെ വ്യോമക്കരുത്ത് വർദ്ധിക്കും. എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ എന്തിന് ഇത്രയും വില നൽകി റഫാൽ വാങ്ങിയതെന്ന് ചോദ്യം വരാം. കൂടാതെ തേജസ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ