നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലാണ് അച്ഛൻ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കൊലപ്പെടുത്തിയ ക്രൂര കൃത്യം നടന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഈ ക്രൂരത നടന്നത്.

നാസിക്കിലെ ജൗലക് വാനി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അഞ്ചു വയസ്സുകാരിയായ മകളെ അച്ഛൻ പീഡിപ്പിക്കുന്നത് മുത്തശിയുടെ ശ്രദ്ധയിൽപെട്ടു. പീഡന വിവരം പുറത്തറിയാതിരിക്കാനും മകനെതിരയുണ്ടാകാവുന്ന നിയമനടപടികൾ ഉണ്ടാകാതിരിക്കാനുമാണ് പേരക്കുട്ടിയെ മുത്തശ്ശി കൊലപ്പെടുത്തിയത്.

ഇരുവരും ചേർന്ന് കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു അഞ്ചുവയസുകാരിക്കു നേരയുള്ള അച്ഛന്റെ അതിക്രമം.

കുട്ടിയെ കാണാനില്ലെന്നും ആരോ തട്ടി കൊണ്ടു പോയെന്നും കാണിച്ച് ഇവർ തന്നെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചുവെന്ന് കേസന്വേഷിക്കുന്ന ഡിഎസ്‌പി ദേവദാസ് പാട്ടീൽ പറഞ്ഞു. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു.

അച്ഛനെതിരെ ബലാത്സംഗത്തിനും കുട്ടികൾക്കെതിരായ അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളുടെ അമ്മക്കെതിരെ കൊലപാതക കുറ്റവും ചുമത്തി.