റാഞ്ചി കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിൽ ലാലുപ്രസാദ് യാദവിന് കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസിൽ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്.

ആദ്യ രണ്ടു കേസുകളിൽ ലാലു കുറ്റക്കാരനെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1992-94 കാലയളവിൽ വ്യാജരേഖകൾ നൽകി ചയിബസ ട്രഷറിയിൽ നിന്നു 37.63 കോടി രൂപ പിൻവലിച്ചതായാണു കേസ്.

ഡിയോഹർ ട്രഷറിൽനിന്ന് 82.42 ലക്ഷം രൂപ പിൻവലിച്ച കേസിൽ മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിർസമുണ്ട ജയിലിലാണു ലാലുവും കൂട്ടരും. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്റ്റംബർ 30ന് ആദ്യ കേസിൽ വിധി വന്നു. അഞ്ച് വർഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസിൽ പിന്നീട് സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു. അന്നു രണ്ടു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു.