- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക രംഗത്തെ സർജിക്കൽ സ്ട്രൈക്കെന്ന് പറഞ്ഞ നോട്ടുനിരോധനം; നിരോധിച്ച കറൻസിയൽ 99.3 ശതമാനവും തിരിച്ചെത്തി; തിരിച്ചുനൽകാൻ സാധിക്കാത്ത നോട്ടുകൾ കൂടി പരിഗണിച്ചാൽ നൂറുശതമാനം കവിയും; നോട്ട് നിരോധനത്തിന് അഞ്ച് വർഷം പിന്നിടുമ്പോൾ ഡിജിറ്റൽ ട്രാൻസ്ക്ഷൻ വർധിച്ചെങ്കിലു കറൻസി ഉപയോഗം കുറഞ്ഞില്ല
ന്യൂഡൽഹി: 2016 നവംബർ എട്ടിന് രാത്രി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1000 രൂപ നോട്ടുകളുടെ ലീഗൽ ടെൻഡർ പിൻവലിച്ചിരിക്കുന്നുവെന്നും ഉടൻതന്നെ ബാങ്കുകളിലെത്തി പുതിയ നോട്ടുകൾ മാറ്റിവാങ്ങണമെന്നും പ്രഖ്യാപിച്ചപ്പോൾ എല്ലാവരുമൊന്ന് അമ്പരന്നു. പിന്നെ കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ജനം പയ്യെപയ്യെ കയ്യടിച്ചുതുടങ്ങി. ഭരണ-പ്രതിപക്ഷ ഭേദമന്യേ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞർ വിപ്ലവകരമായ തീരുമാനമാണ് ഇതെന്ന് വാഴ്ത്തിപ്പാടി. പക്ഷെ അന്നും ഇത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെയാകെ തകർക്കാൻ പോകുന്ന ലോക ബ്ലണ്ടറാണ് എന്ന് വാദിച്ചിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു.
അക്കൂട്ടത്തിലായിരുന്നു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ലോകപ്രശസ്തനായ സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. മന്മോഹൻ സിങ്. 'മോണുമെന്റൽ മിസ് മാനേജ്മെന്റ്' എന്നായിരുന്നു ഡോ. സിങ് നോട്ട് നിരോധനത്തെ അന്ന് വിശേഷിപ്പിച്ചത്. ലോകശ്രദ്ധ നേടിയ രാജ്യസഭയിലെ അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം നോട്ട് നിരോധനമൊരു 'ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലണ്ടർ' അഥവാ സംഘടിതമായ കൊള്ളയും നിയമാനുസൃതമായ മോഷണവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവസാനിപ്പിച്ചത്. അന്ന് അതിനെ പ്രതിപക്ഷത്തിന്റെ സ്ഥിരം എതിർപ്പ് മാത്രമായി എഴുതിത്ത്തള്ളിയവർക്കൊക്കെ സിങായിരുന്നു ശരി എന്ന് പിന്നീട് ബോധ്യപ്പെട്ടു. ജിഡിപിയിൽ രണ്ടു ശതമാനം കുറവുണ്ടാകാനും ഇടയുണ്ടെന്ന് അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
നോട്ട് നിരോധനം നടപ്പാക്കി അഞ്ച് വർഷം തികയുന്ന വേളയിൽ, നോട്ട് നിരോധനം അമ്പേ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ക്യാഷ് ലെസ് എക്കോണമിയെന്ന ലക്ഷ്യം പാളിയെന്നും, ഡിജിറ്റൽ മണി ട്രാൻസാക്ഷൻ എന്ന പദ്ധതി രാജ്യത്ത് ഇനിയും നടപ്പിലാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സമ്പൂർണ ഡിജിറ്റൈലൈസേഷനിലേക്ക് കടക്കുമെന്ന് വിലയിരുത്തപ്പെട്ട നോട്ട് നിരോധനം ഫലം കണ്ടില്ല എന്നാണ് ആർ.ബി.ഐയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടി വൻവിജയമെന്നാണ് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ, നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തികമേഖല ഇതുവരെ കരകയറിയിട്ടില്ലെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കള്ളപ്പണം തടയാൻ സർക്കാർ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് ഈ പ്രഖ്യാപനത്തെ മോദി അനുകൂലികൾ പുകഴ്ത്തുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു. ഇതിൽ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് വിമർശനം ഉയർന്നു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഭീകരവാദ പ്രവർത്തനങ്ങളിൽ കാര്യമായ കുറവുണ്ടായതുമില്ല.
രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമർശിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു മില്യൺ കടന്നു. രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമർശനമുണ്ട്. 2000ത്തിന്റെ നോട്ടുകളുടെ അച്ചടി കേന്ദ്രസർക്കാർ നിർത്തി വെച്ചതായാണ് റിപ്പോർട്ടുകൾ. 2000ത്തിന്റെ നോട്ടുകൾ നിശബ്ദമായി പിൻവലിക്കുന്നതിടെയാണ് നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷികം കടന്ന് പോകുന്നത്.
സമ്പദ്ഘടന മരവിച്ചു
നോട്ടുനിരോധനം മൂലം രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവാക്കപ്പെട്ടു (15.41 ലക്ഷം കോടി രൂപ). പഴയ കറൻസി മാറ്റിയെടുക്കുന്നതിനും ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുനഃക്രമീകരണ പ്രവർത്തനങ്ങൾ വേണ്ടിവന്നതിനാൽ ഏതാണ്ട് 50,000 എ.ടി.എമ്മുകൾ രണ്ടു മാസക്കാലം പ്രവർത്തിക്കാത്ത അവസ്ഥയുണ്ടായി. ഏതാണ്ട് 85 ശതമാനത്തോളം ചില്ലറ വ്യാപാരവും സാധാരണ പണമിടപാടുകളും കറൻസി ഉപയോഗിച്ച് നടന്നിരുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ നോട്ടുനിരോധനവും അത് സൃഷ്ടിച്ച അതിരൂക്ഷമായ കറൻസി ക്ഷാമവും വൻകിട ഇടപാടുകൾ ഒഴിച്ച് മറ്റെല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയും സ്തംഭനാവസ്ഥയിലാക്കി. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 105 പേർ മരിച്ചു. നോട്ടുക്ഷാമം മാറി നോട്ടുവിതരണം സാധാരണഗതിയിലേക്ക് എത്താൻ ഏതാണ്ട് അഞ്ചു മാസം വേണ്ടിവന്നു.
കള്ളപ്പണം കൂടി
ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറൻസി നോട്ടുകൾ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇത് കാണിക്കുന്നത് ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നാണ്. മാത്രവുമല്ല കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകൾ 2016-'17-ൽ മുൻവർഷത്തെക്കാൾ വൻവർധനയുണ്ടായി എന്നാണ്, കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാൻസ് ഇന്റലിജൻസ് യൂണിറ്റിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. അതനുസരിച്ച് ബാങ്കുകളിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നടന്ന സംശയാസ്പദമായ ധനകാര്യ ഇടപാടുകൾ 2015-'16-ൽ 1,05,973 ആയിരുന്നത് 2016-'17-ൽ 4,73,006 ആയി വർധിച്ചു. ബാങ്കുകളിൽ കിട്ടിയ കള്ളനോട്ടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണം 2015-'16-ൽ 4,10,899 ആയിരുന്നത് 2016-'17-ൽ 7,33,508 ആയി വർധിച്ചു (78 ശതമാനം വർധന). ഇത് സൂചിപ്പിക്കുന്നത് നോട്ടുനിരോധനം മൂലം കള്ളപ്പണ ഇടപാടുകളും കള്ളനോട്ടുവിതരണവും കുറയുന്നതിനുപകരം കൂടുകയാണുണ്ടായത് എന്നാണ്. മാത്രവുമല്ല നോട്ടുനിരോധനവും അനുബന്ധനടപടികൾ മൂലവും കള്ളപ്പണം വൻതോതിൽ നിക്ഷേപിച്ചിരുന്ന ഭൂമി, റിയൽ എസ്റ്റേറ്റ്, സ്വർണം, വിദേശരാജ്യങ്ങളിലെ ബാങ്ക് നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങൾ, കമ്പനികൾ, കള്ളപ്പണം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാർ, രാഷ്ട്രീയപ്പാർട്ടികൾ, വൻതുക ബാങ്കുവായ്പത്തട്ടിപ്പ് നടത്തിയവർ തുടങ്ങിയവരിൽനിന്ന് കള്ളപ്പണമായി ഒന്നും പിടിച്ചെടുക്കാനും കഴിഞ്ഞില്ല.
കർഷകരെ തകർത്തു
ഇന്ത്യൻ സമ്പദ്ഘടനയിലുള്ള മൊത്തം തൊഴിലാളികളിൽ 55 ശതമാനവും കാർഷിക രംഗത്തുള്ള കർഷകരും കർഷകത്തൊഴിലാളികളുമാണ്. മൊത്തം കർഷകരിൽ 67 ശതമാനവും ഒരു ഹെക്ടറിനു താഴെ ഭൂമിയുള്ള നാമമാത്ര കർഷകരും ദരിദ്രർ. (ശരാശരി പ്രതിശീർഷ കൃഷിഭൂമി 0.39 ഹെക്ടർ). നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നു ക്വാർട്ടറുകളിലെ കാർഷിക മേഖലയിലെ സാമ്പത്തികവളർച്ച നിരക്ക് മുൻ ക്വാർട്ടറിനെ അപേക്ഷിച്ച് നെഗറ്റീവ് ആയിരുന്നു.
കാർഷിക മേഖലയിലെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും ഉത്പന്നങ്ങളുടെ വിപണനവും കർഷകരുടെ ഏതാണ്ട് എല്ലാത്തരം പണമിടപാടുകളും നടന്നിരുന്നത് കറൻസി ഉപയോഗിച്ചാണ്. നോട്ടുനിരോധനം ഏതാണ്ട് ഒരു ഭൂകമ്പംപോലെ കാർഷിക മേഖലയെയും കർഷകരെയും കർഷകത്തൊഴിലാളികളെയും തകർത്തു. വേഗം കേടുവരുന്ന കാർഷികോത്പന്നങ്ങളായ പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, മത്സ്യം, പാൽ തുടങ്ങിയവ വാങ്ങാൻ ആളില്ലാതെ പലസ്ഥലങ്ങളിലും നശിപ്പിക്കേണ്ട അവസ്ഥയുണ്ടായി.
നിലംപരിശായ അസംഘടിത മേഖല
ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 85 ശതമാനത്തിലധികം തൊഴിലാളികളും പ്രവർത്തിക്കുന്നത് അസംഘടിത മേഖലയിലാണ്. രാജ്യത്തിന്റെ ജി.ഡി.പി.യിൽ ഏതാണ്ട് 45 ശതമാനം ഈ മേഖലയുടെ വിഹിതമാണ്. സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ഥിര സ്വഭാവത്തിലുള്ള തൊഴിലാളികൾ ഒഴിച്ചുള്ള എല്ലാത്തരം തൊഴിലും അസംഘടിത തൊഴിലാണ്. അസംഘടിത മേഖലയിലെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങൾക്കും കറൻസിയാണ് പൊതുവിൽ ഉപയോഗിക്കാറുള്ളത്. നോട്ടു നിരോധനം മൂലം വൻപ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് ഇതുമൂലം ലക്ഷക്കണക്കിന് ചെറുകിട വ്യവസായ സർവീസ് സ്ഥാപനങ്ങൾ പൂട്ടിപ്പോയി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് വ്യവസായ മേഖലയിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കറൻസിയിതര സംവിധാനങ്ങൾ ഉപയോഗിക്കുന്ന വൻകിട വ്യവസായ, സർവീസ് സ്ഥാപനങ്ങളെ നോട്ടുനിരോധനം ബാധിച്ചുമില്ല.
ഈ ചർച്ച ഉപസംഹരിക്കാം. ലക്ഷ്യമിട്ടിരുന്ന കള്ളപ്പണമോ, അഴിമതിയോ, കള്ളനോട്ടോ, കറൻസി ഉപയോഗംകുറയ്ക്കലോ നോട്ടുനിരോധനം മൂലം നേടാൻ കഴിഞ്ഞില്ല. സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ നടപടി രാജ്യത്തെ ബഹുഭൂരിപക്ഷം പേർക്കും സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ആണ് നൽകിയത്. ജനങ്ങളുടെ സാമ്പത്തികസ്ഥിതിയും രാജ്യത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളും പരിഗണിക്കാതെയും വേണ്ട മുൻ ഒരുക്കങ്ങൾ ഇല്ലാതെയും നടപ്പാക്കിയ ഈ നടപടി ഗുണത്തെക്കാൾ ദോഷമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പാഠമാണ് നൽകുന്നത്.
കറൻസി ഉപയോഗം വർധിച്ചു
നോട്ടുനിരോധനം മൂലം ഡിജിറ്റൈസേഷൻ വർധിക്കുമെന്ന ലക്ഷ്യം യാഥാർഥ്യമായില്ല. റിസർവ് ബാങ്ക് പുറത്തു വിട്ട കണക്ക് പ്രകാരം, 2021 ഒക്ടോബർ വരെയുള്ള രണ്ടാഴ്ച തോതിലുള്ള കണക്കനുസരിച്ച്, ഉപഭോക്താക്കൾ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറൻസിയുടെ മൂല്യം 57.48 ശതമാനമാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തെ ഇടത്തരം നഗരങ്ങളിൽ പോലും കറൻസി രഹിത വിനിമയം നടപ്പിലായിട്ടില്ലെന്നും, ഏകദേശം 90 ശതമാനം ആളുകളും പണം ഉപയോഗിച്ചാണ് വിനിമയം നടത്തുന്നത് എന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇനിയും 15 കോടിയിലധികം പേർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും, ഇത് ക്യാഷ്ലെസ് എക്കോണമിക്ക് തിരിച്ചടിയാവുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കറൻസി നോട്ടുകൾ ഉപയോഗിച്ചുള്ള വിനിമയം വർധിച്ചെന്നും, ആളുകൾ ഇപ്പോഴും കറൻസി കൈവശം വെക്കുന്ന ശീലം പിന്തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ മാത്രമല്ല, വ്യാപാരികളും പണം കൈമാറുന്ന വിനിമയത്തിനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പ് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 17.97 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇപ്പോൾ 2നോട്ടുനിരോധനത്തിനു തൊട്ടുമുൻപ് 2016 നവംബർ നാലിലെ കണക്കുപ്രകാരം 17.97 ലക്ഷം കോടി നോട്ടുകളാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നത്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ 2017 ജനുവരിയിലെ കണക്ക് പ്രകാരം വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളുടെ എണ്ണം 7.8 ലക്ഷം കോടിയായി കുറഞ്ഞു. ഇടക്കാലത്ത് ഡിജിറ്റൽ വിനിമയത്തിലേക്ക് ആളുകൾ കടന്നുവരാൻ തുടങ്ങിയിരുന്നു. എന്നാൽ കൊവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ആളുകൾ വീണ്ടും കറൻസിയിലേക്ക് തന്നെ തിരിച്ചു പോയി എന്നാണ് കണക്കുകൾ പറയുന്നത്. 2020 ഒക്ടോബർ 23ലെ കണക്കുപ്രകാരം ജനത്തിന്റെ കൈവശമുണ്ടായിരുന്ന പണത്തിന്റെ മൂല്യത്തിൽ 15,582 കോടിയുടെ അധിക വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കറൻസിക്ഷാമം മൂലം ഡിജിറ്റൽ പേമെന്റിൽ വർധന ഉണ്ടായെങ്കിലും പിന്നീട് ഈ പ്രവണത മാറി. സി.എം.എസ്. ഇൻഫോ സിസ്റ്റത്തിന്റെ (57,000 -ത്തിലധികം എ.ടി.എമ്മുകളെ മാനേജ് ചെയ്യുന്ന കമ്പനി) പ്രസ്താവന അനുസരിച്ച് നോട്ടുനിരോധനത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ജനങ്ങൾ കൂടുതൽ കറൻസി ഉപയോഗിക്കുന്ന പ്രവണതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എടിഎമ്മുകൾ കൃത്യമായി പ്രവർത്തിക്കാത്ത അവസ്ഥ, തന്മൂലം കൂടുതൽ പണം പിൻവലിച്ച് കൈവശംവെക്കേണ്ട അവസ്ഥ, ഏതാണ്ട് 20 കോടിയോളം പ്രായപൂർത്തിയായവർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അവസ്ഥ, ഗ്രാമപ്രദേശങ്ങളിലും മറ്റും എ.ടി.എമ്മുകൾ ഇല്ലാത്തതും ഇവയുടെ എണ്ണം വർധിക്കാത്ത അവസ്ഥയും ഡിജിറ്റൈസേഷൻ സമ്പ്രദായത്തിലുള്ള തട്ടിപ്പും അപകടസാധ്യതയും അധികച്ചെലവ് തുടങ്ങിയവ മൂലം ജനങ്ങൾ കൂടുതൽ കറൻസി കൈവശംവെക്കുന്ന പ്രവണതയിലേക്കും കറൻസി ഉപയോഗത്തിലേക്കും മാറുന്നു.
നോട്ടുനിരോധനത്തിന്റെ ആദ്യവർഷങ്ങളിൽ സാമ്പത്തിക വിപ്ലവത്തിന്റെ വാർഷികം എന്ന നിലയിൽ സംഘപരിവാർ സംഘടനകൾ എതിർവാദങ്ങൾ പ്രതിരോധം തീർത്തിരുന്നെങ്കിലും ഇപ്പോൾ അവർ ആ ശ്രമത്തിൽ നിന്നും പൂർണമായും പിന്തിരിഞ്ഞിരിക്കുന്നു. സംഘപരിവാർ അക്കാദമിക് വിദഗ്ദ്ധർക്ക് പോലും വെളുപ്പിക്കാൻ കഴിയാത്തത്ര വികൃതമായിരിക്കുന്നു നോട്ട് നിരോധനമെന്ന പ്രഹേളിക. ചിപ്പ് വച്ച നോട്ടുകളാണ് പുതിയതായി പുറത്തിറങ്ങുന്നതെന്ന് പ്രചരിപ്പിച്ച ബിജെപി നേതാക്കൾ പൊതുജനമധ്യത്തിൽ അപഹാസ്യരായി. അഞ്ച് വർഷങ്ങൾ കഴിയുമ്പോൾ മന്മോൻസിങിന്റെ വാക്കുകളെ ശരിവയ്ക്കുകയാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക തകർച്ച. എന്നാൽ സാമ്പത്തിക വിപ്ലവമെന്ന പേരിൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പരിഷ്കരണം ഒരു തുഗ്ലക്ക് പരിഷ്കരണമായിരുന്നെന്ന് തിരിച്ചറിയാൻ നമുക്ക് ഇത്രയും വർഷങ്ങൾ വേണ്ടിവന്നുവെന്നതിന് സ്വയം ലജ്ജിക്കേണ്ടതുണ്ട്.
മറുനാടന് ഡെസ്ക്