മെൽബൺ: അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സാമ്പത്തിക മാന്ദ്യം ഓസ്‌ട്രേലിയയെ ഞെരുക്കിക്കളയുമെന്ന് വിലയിരുത്തൽ. 2017-ഓടെ ഓസ്‌ട്രേലിയയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത അമ്പതു ശതമാനമാണെന്ന് ബിടി ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രവചിക്കുന്നു. അതൊടൊപ്പം തന്നെ ഡോളർ വിലയിൽ കനത്ത ഇടിവു സംഭവിക്കുമെന്നും ഒരു ശതമാനത്തിൽ താഴെ പലിശ നിരക്ക് പ്രഖ്യാപിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്നുമാണ് ബിടിയുടെ വിമൽ ഗോർ വ്യക്തമാക്കുന്നത്.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ അമ്പതു ശതമാനം സാധ്യതയാണെന്നാണ് വിമൽ ഗോർ പറയുന്നത്. നിലവിൽ 2.25 ശതമാനം പലിശ നിരക്കിൽ റിസർവ് ബാങ്ക് ബേസിക് റേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഉടൻ തന്നെ 50 പോയിന്റുകൾ കൂടി വെട്ടിച്ചുരുക്കി നിരക്ക് 1.75 ശതമാനം ആയി നിജപ്പെടുത്തുമെന്നുമാണ് ബിടി ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. ഇതുകൊണ്ടും രാജ്യത്തെ സമ്പദ് ഘടനയെ പിടിച്ചുനിർത്താൻ സാധിക്കാതെ വരുമ്പോൾ ആർബിഎ പലിശ നിരക്ക് ഒരു ശതമാനത്തിൽ താഴെ കൊണ്ടുവരുമെന്നും വിമൽ ഗോർ വ്യക്തമാക്കുന്നു. അതൊടൊപ്പം തന്നെ ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് 60 യുഎസ് സെന്റിൽ താഴെ ഇടിയുമെന്നുമാണ് വിമൽ ഗോർ വെളിപ്പെടുത്തുന്നത്.

2008-ൽ വികസിത രാജ്യങ്ങളെയെല്ലാം സാമ്പത്തിക മാന്ദ്യം ഞെരുക്കിയപ്പോൾ ഓസ്‌ട്രേലിയ അതിൽനിന്നൊക്കെ രക്ഷപ്പെട്ട് നിൽക്കുകയായിരുന്നു. കമോദിറ്റി ട്രേഡിംഗിൽ ചൈനയെ രാജ്യം കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടായിരുന്നു സാമ്പത്തിക മാന്ദ്യം ഓസ്‌ട്രേലിയയെ ബാധിക്കാതിരുന്നത്. എന്നാൽ കയറ്റുമതി ചെലവുകൾ വർധിക്കുകയും നിക്ഷേപ വളർച്ചയിൽ തളർച്ച അനുഭവപ്പെടുകയും ചെയ്തതോടെ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് ഇടർച്ച വന്നുതുടങ്ങിയിരുന്നു. 2003-നു ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കും രാജ്യത്തെ കാർന്നു തിന്നാൻ തുടങ്ങി.

വീടുവിലയും കുതിച്ച് ഉയരാൻ തുടങ്ങിയതോടെ ഒരു ശതമാനത്തിൽ താഴെ പലിശ നിരക്ക് കൊണ്ടുവരാൻ ആർബിഎ നിർബന്ധിതമാകുമെന്നു തന്നെയാണ് ബിടി വക്താവ് എടുത്തുപറയുന്നത്. മുമ്പ് സാമ്പത്തിക മാന്ദ്യം ഏറെ ബാധിക്കാതിരുന്നതിനാൽ ഇനിയുള്ള നാളുകൾ രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.