500-ന്റെയും 1000-ന്റെയും നോട്ടുകൾ പിൻവലിക്കുന്നതിന് പ്രധാന കാരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് കള്ളനോട്ടുകളുടെ വ്യാപനമാണ്. തീവ്രവാദത്തിനും ഭീകരപ്രവർത്തനത്തിനുമായി കള്ളനോട്ട് ഉപയോഗിക്കുന്നത് വ്യാപകമാണെന്നും ദേശസുരക്ഷയെ മുൻനിർത്തി കള്ളനോട്ട് ചെറുക്കാൻ നോട്ട് പിൻവലിക്കലല്ലാതെ വേറെ മാർഗമില്ലെന്നുമാണ് മോദി നവംബർ എട്ടിന് പ്രഖ്യാപിച്ചത്.

ഇതേത്തുടർന്ന് അതീവ സുരക്ഷാ ഫീച്ചറുകളോടെ 2000-ന്റെയും 500-ന്റെയും നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി. ഒരുതരത്തിലും പകർത്താൻ കഴിയാത്ത സുരക്ഷാ ഫീച്ചറുകളുണ്ടെന്ന് വാദിച്ചെങ്കിലും ആദ്യം 2000-ന്റെയും ഇപ്പോഴിതാ 500-ന്റെയും വ്യാജ നോട്ടുകൾ ഇന്ത്യയിലെത്താൻ തുടങ്ങി. 2000-ന്റെ നോട്ടിൽ 17 അതീവ സുരക്ഷാ ഫീച്ചറുകളിൽ 11 എണ്ണവും അതേപടി പകർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പാക്കിസ്ഥാനിൽ അച്ചടിച്ച് ബംഗ്ലാദേശ് വഴിയാണ് വ്യാജനോട്ടുകൾ ഇന്ത്യയിലെത്തുന്നത്. ഞായറാഴ്ച അതിർത്തിരക്ഷാ സേന പശ്ചിമബംഗാളിലെ മാൾഡ സ്വദേശിയിൽനിന്ന് 2000-ന്റെ 48 കള്ളനോട്ടുകൾ പിടികൂടിയിരുന്നു. ഇപ്പോഴിതാ കള്ളനോട്ട് മാഫിയ 500 രൂപ നോട്ടുകളെയും പിടികൂടിയതായാണ് വിവരം. 500-ന്റെ കള്ളനോട്ടുകളുടെ മാതൃകകൾ ഇവിടുത്തെ മാഫിയയുടെ അംഗീകാരത്തിനായി ബംഗ്ലാദേശ് അതിർത്തികടന്ന് ഇന്ത്യയിലെത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസിയും അതിർത്തി രക്ഷാ സേനയും വെളിപ്പെടുത്തുന്നു.

നോട്ടിലെ അതീവ സുരക്ഷാ ഫീച്ചറുകൾ പലതും കള്ളനോട്ടിലും പകർത്തിയിട്ടുണ്ടെന്ന് രണ്ട് ഏജൻസികളും ഉറപ്പിക്കുന്നു. എന്നാൽ, നോട്ടുകളുടെ അച്ചടിയുടെ നിലവാരം വളരെ മോശമാണ്. പാക്കിസ്ഥാനിലാണ് ഈ നോട്ടുകൾ അച്ചടിക്കുന്നതെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായിട്ടുണ്ട്. വലിയ നോട്ടുകൾക്ക് പുറമെ, 50-ന്റെയും 100-ന്റെയും വ്യാജനോട്ടുകളും വൻതോതിൽ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സുരക്ഷാഫീച്ചറുകൾ പലതും അതേപടി പകർത്തിയിട്ടുള്ളതിനാൽ, കണ്ടുപിടിക്ാൻ തീർത്തും ദുഷ്‌കരമായ രീതിയിലാണ് കള്ളനോട്ടുകൾ എത്തുന്നത്. ചെറുകിട കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് മാഫിയ പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്. ബംഗാളിലെ നദിയ ജില്ലയിലുള്ള ശരീഫുൾ ഷായെയാണ് 2000-ന്റെ കള്ളനോട്ടുകളുമായി അറസ്റ്റ് ചെയ്തത്. ഇയാൾ റേഷൻ കടക്കാരനാണ്. 2000-ന്റെ കള്ളനോട്ടുകളുമായി രണ്ടാം തവണയാണ് ഒരാൾ അതിർത്തി രക്ഷാസേനയുടെ പിടിയിലാകുന്നത്.