- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യവിരുദ്ധ വാർത്തകളുടെ പേരിൽ രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ; റദ്ദാക്കിയതിൽ 55 എണ്ണം യുട്യൂബ് ചാനലുകൾ; കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി ഐ ടി ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം; ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ കണ്ടന്റും നിയന്ത്രണങ്ങൾക്ക് വിധേയം
കൊച്ചി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യവിരുരദ്ധ വാർത്തകൾ സംപ്രേഷണം ചെയ്തു എന്ന കാരണത്താൽ റദ്ദാക്കിയത്, 60 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ്. യുട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലാണിവ. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
റദ്ദാക്കിയവയിൽ തന്നെ 55 എണ്ണം യുട്യൂബ് ചാനലുകളാണ് എന്നതും ശ്രദ്ധേയമാണ്. പുതിയ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഉണ്ടായിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടുവീതവും ഫേസ്‌ബുക്കിൽ ഒരെണ്ണവും. റദ്ദാക്കപ്പെട്ട യുട്യൂബ് ചാനലുകൾ പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തവയാണെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്.
2021 ഫെബ്രുവരിയിൽ നിലവിൽവന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. ഇത്രയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത് ചട്ടം നിലവിൽവന്നശേഷം ആദ്യമായാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് സർക്കാർ നടപടി വന്നത്. വൈറൽ ന്യൂസ് എന്ന പേരിൽ പ്രചരിക്കുന്നവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
വാർത്താവിതരണമന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജൻസികളായ ഐ.ബി., റോ, സൈന്യ വിഭാഗങ്ങൾ എന്നിവ കൈമാറിയ കേസുകളുമുണ്ട്. ഐ.ടി. ചട്ടപ്രകാരം ഓരോ മാസവും 15-ന് പരാതികളെ സംബന്ധിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൊടുക്കണം.
അങ്ങനെ കിട്ടിയ റിപ്പോർട്ടും റദ്ദാക്കൽനടപടികൾക്ക് ഉപയോഗപ്പെടുത്തി. അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാർത്തകളിലെ ദേശവിരുദ്ധത കണ്ടെത്താൻ പ്രസ് കൗൺസിൽ പോലുള്ള സംവിധാനമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇത്തരമൊന്ന് ഇല്ലാത്തതിന് ഐ.ടി. ചട്ടം പരിഹാരമായെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ