പട്‌ന: നാടകീയ സംഭവങ്ങൾക്കിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പൂർത്തിയായി. 57.59 % പേർ വോട്ട് രേഖപ്പെടുത്തി.

അതിനിടെ, ബിഹാറിലെ ഒരു ഗ്രാമത്തിൽ വൈദ്യുതി ഇല്ലെന്ന കാരണത്താൽ രണ്ടു ബൂത്തിലെ വോട്ടർമാർ പൂർണമായി വോട്ടെടുപ്പ് ബഹിഷ്‌കരിച്ച സംഭവവും ഉണ്ടായി.

35.68 ശതമാനം പോളിംഗാണ് ഉച്ചവരെ ബിഹാറിൽ രേഖപ്പെടുത്തിയത്. ഷിയോഹർ മണ്ഡലത്തിലെ 50ആം നമ്പർ ബൂത്തിൽ ഇരുകക്ഷിയിലെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് അരമണിക്കൂർ വോട്ടെടുപ്പ് മുടങ്ങി. മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

വൈദ്യുതിയില്ലെന്ന കാരണത്താൽ രണ്ടു ബൂത്തുകളിലെ വോട്ടർമാരാണ് പൂർണമായും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. പൂർവചമ്പാരൻ ജില്ലയിൽ കല്യാൺപൂർ മണ്ഡലത്തിലെ 74, 77 കേന്ദ്രങ്ങളാണ് മഹാറാണി ഭോപട്ട് പഞ്ചായത്ത് വാസികൾ ബഹിഷ്‌കരിച്ചത്. 55 നിയമസഭാ മണ്ഡലങ്ങളിലാണ് നാലാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 57 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നവംബർ അഞ്ചിന് നടക്കും. എട്ടിനാണ് വിധിയെഴുത്ത്.

പർബി ചമ്പാരൻ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് മോത്തിഹാരി മണ്ഡലത്തിലെ 101ആം നമ്പർ ബൂത്തിൽ ഇന്നു വോട്ടിടാനെത്തി. പൂർവചമ്പാരൻ ജില്ലയിലെ പുരന്തര പഞ്ചായത്തിലെ വോട്ടിടൽ കേന്ദ്രത്തിലെത്തിയ ഹോംഗാർഡ് മഹാദേവ് പ്രസാദ് ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.