കാലിഫോർണിയ: ബെർക്കെലിയിൽ ഒരു പാർട്ടിക്കിടെ ബാൽക്കണി തകർന്ന് ഐറീഷുകാരായ അഞ്ചു കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. സംഭവത്തിൽ ഏഴു പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ലൈബ്രറി ഗാർഡൻസ് അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലുള്ള  ബാൽക്കണി തകർന്ന് 50 അടി താഴ്‌ച്ചയിലേക്ക്  പാർട്ടിക്കെത്തിയവർ വീഴുന്നത്.

വിദ്യാർത്ഥികളിലൊരാളുടെ ഇരുപത്തൊന്നാം പിറന്നാൾ ആഘോഷമായിരുന്നു അപ്പോർട്ട്‌മെന്റിൽ നടന്നത്. ബലക്ഷയമുള്ള ബാൽക്കണിയിലേക്ക് കൂടുതൽ ആളുകൾ വന്നതാകാം ഇതു തകരാൻ കാരണമായതെന്നാണ് എൻജിനീയർമാർ വിലയിരുത്തുന്നത്. 13 പേരാണ് അപകട സമയത്ത് ബാൽക്കണിയിൽ നിന്നിരുന്നത്. അതേസമയം ബാൽക്കണിക്ക് ബലക്ഷയം സംഭവിക്കാൻ തക്കതായ കാരണം എന്തെങ്കിലുമുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയ്ക്ക് ഏറെ അടുത്താണ് അപകടം നടന്ന അപ്പാർട്ട്‌മെന്റ്.

സമ്മർ സ്റ്റഡി വിസയായ ജെ- വൺ വിസയിലെത്തിയ ഐറീഷുകാരാണ് മരിച്ചത്. അപകടം നടക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് പാർട്ടിക്കിടെ ഉള്ള ബഹളം സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പു തന്നെ ബാൽക്കണി ഇടിഞ്ഞു വീണ് അപകടം സംഭവിച്ചിരുന്നു.

ഇരുപത്തൊന്നു വയസുള്ളവരാണ് മരിച്ച ഐറീഷുകാർ. ഒളീവിയ ബർക്ക്, ഐമർ വാൾഷ്, ഇയോഗൻ കള്ളിഗൻ, നിക്കോളായാ ഷൂസ്റ്റർ, ലോർക്കൻ മില്ലർ എന്നിവരും കാലിഫോർണിയയിലെ റോനെർട്ട് പാർക്കിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ആഷ്‌ലി ഡോണോഹോയുമാണ് മരിച്ചവർ. പുലർച്ചെ 12.40നാണ് ദാരുണമായ അപകടം നടക്കുന്നത്.