ന്യൂഡൽഹി: ഹിന്ദു വിവാഹനിയമ പ്രകാരം വിവാഹിതിതരായവർക്ക് ബന്ധം വേർപെടുത്താൻ ഇനി ആറുമാസം സമയപരിധി പാലിക്കോണ്ടി വരില്ല. കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്ക് ഇതു സംബന്ധിച്ച് തീരുമാനിക്കാമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.

ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ച് വിവാഹമോചന തീരുമാനം പുനപരിശോധിക്കാനാണ് ദമ്പതികൾക്ക് ആറുമാസത്തെ സമയം അനുവദിച്ചിരുന്നത്. ഒരു വിവാഹത്തെ സംരക്ഷിക്കാൻ പരാമാവധി ശ്രമിക്കാം. അതിൽ തെറ്റില്ല. എന്നാൽ വീണ്ടും യോജിച്ചു പോകുന്നതിന് യാതൊരു സാധ്യതയും ഇല്ലാതിരുന്നാൽ വിവാഹമോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു.

എട്ടുവർഷമായി പിരിഞ്ഞു കഴിയുകയാണെന്നും അതുകൊണ്ടു തന്നെ ആറുമാസത്തെ പുനർവിചിന്തന സമയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സ്വദേശികളായ ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികൾ ഉഭയസമ്മത പ്രകാരം ബന്ധം വേർപെടുത്താൻ കോടതിയെ സമീപിക്കുകയാണെങ്കിൽ വിവാഹമോചനം ലഭിക്കാൻ നിലവിൽ പതിനെട്ടുമാസം കാത്തിരിക്കണം. ഇതിൽ ഒരു വർഷത്തിനു ശേഷമുള്ള ആറുമാസമാണ് പുനരാലോചനാ സമയമായി പരിഗണിക്കുന്നത്. ഇക്കാലങ്ങളിൽ മൂന്നു ഘട്ടങ്ങളിലായി കൗൺസിലിംഗും ഉണ്ടാകും.കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനത്തിലെത്തിയോ എന്നതിന്റെ അടിസ്ഥാനത്തിലാകണം പുനർവിചിന്തന സമയം അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ.