തിരുവനന്തപുരം: നമ്മുടെ നാട്ടിൽ തേങ്ങയോ, മാങ്ങയോ മോഷ്ടിക്കുന്ന കള്ളനെ ഒപ്പം നിർത്തി എട്ടുകോളം വാർത്ത മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പൊലീസ് കാണിക്കുന്ന ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യം വരുമ്പോൾ എങ്ങോട്ടു പോകുന്നതെന്നറിയില്ല. നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ഫ്ളാറ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഹോർട്ടികോർപ് ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടിയേയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.എസ് അനിലിനെയും കൺമുമ്പിൽ കിട്ടിയിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാത്തത് മുമ്പ് പറഞ്ഞ ശുഷ്‌കാന്തി ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഉന്നതരാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്നാണ് കൺമുമ്പിൽ പ്രതികൾ വിലസിയിട്ടും കൈയും കെട്ടി നോക്കിയിരിക്കേണ്ടി വരുന്നത്.

നെടുമങ്ങാട് സ്വദേശിയും കർഷകകോൺഗ്രസ് ഭാരവാഹിയുമായ വീട്ടമ്മ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് വഞ്ചിയൂർ പൊലീസ് മാർച്ച് 19ന് ക്രൈംനമ്പർ 336/15 ആയി, ലാൽ വർഗീസ് കൽപകവാടിക്കും കെ.എസ്.അനിലിനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 420,34 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ സമർപ്പിച്ചിട്ട് ആറുമാസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനോ, ചോദ്യം ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. 

ലാൽ വർഗീസ് കൽപകവാടിയെ കുറിച്ചും കെ.എസ്.അനിലിനെ കുറിച്ചും പരാതി നൽകിയ സ്ത്രീ പറയുന്നതിങ്ങനെ ' കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഹോർട്ടി കോർപ് യൂണിയൻ പ്രസിഡന്റുമായ കെ.എസ് അനിൽ ഹോർട്ടികോർപിൽ ജോലി വാങ്ങിത്തരാമെന്ന് ഉറപ്പ് നൽകി വീട്ടമ്മയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. താനും ഭർത്താവും കൂടി അനിലിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ എത്തിയാണ് പണം കൈമാറിയത്. രൂപ കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതെ വന്നതോടെ കെ.എസ്. അനിലിനെ ചെന്ന് കണ്ട് ഒന്നുകിൽ ജോലിയോ, പണമോ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ടു.

ഹോർട്ടികോർപ് ചെയർമാനായ ലാൽ വർഗീസ് കൽപകവാടി അടുത്ത ദിവസങ്ങൡ എത്തുമെന്നും ജോലി ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അടുത്ത ദിവസം ചെയർമാൻ ഹീര ഫ്ളാറ്റിലുണ്ടെന്നും നേരിട്ട് സംസാരിക്കാമെന്നും വിശ്വസിപ്പിച്ച് വഞ്ചിയൂരിലെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് ലാൽ വർഗീസ് കൽപകവാടിയും കെ.എസ്. അനിലും ചേർന്ന് വീട്ടമ്മയോട് അശ്ലീലഭാഷയിൽ സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പണവും മാനവും നഷ്ടപ്പെട്ട് ഞാൻ നീതിക്കു വേണ്ടിയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി പിൻവലിക്കാൻ ഉന്നതരായ ഒട്ടേറെ പേർ തന്നെ ബന്ധപ്പെടുകയും ചെയ്തു. എന്തു വന്നാലും കേസ് പിൻവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് എന്റേത്. ഒരു വീട്ടമ്മയ്ക്കു നേരെ മാനഭംഗശ്രമം നടന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ് '

പണം ലഭിച്ചശേഷം കോവളത്തെ ഹോട്ടലിലേക്കും ക്ഷണിച്ചെങ്കിലും പോകാൻ തയ്യാറാകെത വന്നതോടെയാണ് ബയോഡേറ്റയുമായി ഫ്ളാറ്റിലെത്താൻ കെ.എസ്. അനിൽ ആവശ്യപ്പെട്ടത്. ഹോർട്ടികോർപിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരെ ഇത്തരത്തിൽ വഞ്ചിച്ചുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ വി. അശോക് കുമാറാണ് പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസിൽ നൽകിയ പരാതി സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനമായി ഐ.എ.പി.എസിൽ 42960/15 ആയി രജിസ്റ്റർ ചെയ്ത കേസ് ഇപ്പോഴും പെൻഡിങിലാണെന്നാണ് പൊലീസ് ഔദ്യോഗിക സംവിധാനം നൽകുന്ന വിവരം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്തിരിക്കുന്ന കേസിലെ പ്രതികൾ സ്വൈരവിഹാരം നടത്തുന്നത് പൊലീസിന്റെ ആത്മാഭിമാനത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ്.

അരുവിക്കര തിരഞ്ഞെടുപ്പിൽ കെപിസിസി വൈസ് പ്രസിഡന്റായ വി.ഡി.സതീശനോടൊപ്പം വേദി പങ്കിട്ട കേസിലെ ഒന്നാം പ്രതി കെ.എസ്. അനിലിനെ അറസ്റ്റ് ചെയ്യാൻ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായില്ല എന്ന് അത്ഭുതമാണ്. കൂടാതെ സംഭവത്തിൽ മൊഴി നൽകാൻ സാക്ഷികൾ ഉണ്ടെങ്കിലും ആരുടേയും മൊഴികൾ എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. കേസിലെ ഒന്നാം പ്രതിയായ കെ.എസ്.അനിലിന്റെ പേരിൽ മുമ്പും ഇത്തരം കേസുകളുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ പരാതിക്കാരിയെ തനിക്കറിയില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ലാൽ വർഗീസ് കൽപകവാടിയുടെ നിലപാട്.

തന്റെ പരാതിയിൽ നടപടിയെടുക്കുന്നതിൽ ഇനിയും അമാന്തം കാണിച്ചാൽ കോടതിയെ നേരിട്ട് സമീപിക്കാനാണ് പരാതിക്കാരി ആലോചിക്കുന്നത്. പീഡനക്കേസിലെ പ്രതികളായിട്ടും ലാൽ വർഗീസ് കൽപകവാടിയേയും കെ.എസ്.അനിലിനെയും സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയാണെന്നാണ് ആരോപണം ശക്തമാണ്. സ്ത്രീപീഡനശ്രമവും വഞ്ചനാകുറ്റവും ചുമത്തിയിട്ടുള്ള പ്രതികളെ സ്വൈരവിഹാരം നടത്തുമ്പോൾ കണ്ടിട്ടും കാണാതെ നിൽക്കേണ്ട അവസ്ഥയാണ് കേരള പൊലീസിന്.