കൊൽക്കത്ത: കേരളം കഴിഞ്ഞാൽ ഇടതു കോട്ടയായി അറിയപ്പെടുന്ന ഏക സംസ്ഥാനമായ ത്രിപുരയിലും ബിജെപിയുടെ തന്ത്രങ്ങൾ വിജയിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ കുതിര കച്ചവടത്തിൽ ത്രിപുരയിലും താമര വിരിഞ്ഞു. ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതാണ് സംസ്ഥാനത്തുണ്ടായ സുപ്രധാനമായ രാഷ്ട്രീയ നീക്കം. ഗുജറാത്തിലും അസമിലും തിരിച്ചടി നേരിട്ടത് കോൺഗ്രസിനാണെങ്കിൽ ഇടത് കോട്ടയായ ത്രിപുരയിൽ കാവി കൊടി പാറിച്ചത് തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ്.

സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞമാസം എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിന് പാർട്ടിയിൽ നിന്ന് നടപടി നേരിട്ട എംഎൽഎമാരാണ് മറുകണ്ടം ചാടിയത്.

ഇടതു കോട്ടയായ ത്രിപരുയിലെ 60 അംഗ നിയമസഭയിൽ 50 സീറ്റും ഇടതുപക്ഷത്തിനാണ്. നാല് സീറ്റ് കോൺഗ്രസിനും ആറ് സീറ്റ് തൃണമൂലിനും. തൃപുരയുടെ ചരിത്രത്തിൽ ഒരു സീറ്റുപോലും നേടാനാവാത്ത ബിജെപിയാണ് കുതിര കച്ചവടത്തിലൂടെ ആറ് സീറ്റ് നേടിയത്. 2018ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരം കാവികൊടിക്ക് കീഴിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചുവരുന്നതിന്റെ ഭാഗമാണ് എംഎൽഎമാരെ അടർത്തിയെടുത്ത അടവ്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ലാത്ത ബിജെപിക്ക് ഒറ്റയടിക്ക് ആറ് എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാനായത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഊർജ്ജമാകും. 2018ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര, അധികാരം പിടിക്കാൻ ബിജെപി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ 24 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണിത്. സി.പി.എം നേതാവ് മണിക് സർക്കാരാണ് 1998 മുതൽ ഇവിടെ മുഖ്യമന്ത്രി.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം മൽസരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നവരാണ് ഈ എംഎൽഎമാർ. ഇടതുപക്ഷം കൂടി സഖ്യകക്ഷിയായിട്ടുള്ളതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഐക്യപ്രതിപക്ഷ സ്ഥാനാർത്ഥി മീരാ കുമാറിന് വോട്ടു ചെയ്യാനാവില്ലെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. പാർട്ടി നിർദ്ദേശം ലംഘിച്ച് എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ടെ ചെയ്തതിനാൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ഇവരെ പുറത്താക്കുകയായിരുന്നു.