മീററ്റ്: അമ്മയെ കൊന്നവരെ കണ്ടെത്താൻ കൈക്കൂലിയുമായി അഞ്ചു വയസ്സുകാരി പൊലീസ് സ്‌റ്റേഷനിൽ. ഉത്തർപ്രദേശിലെ മീററ്റുകാരിയായ മാൻവി എന്ന പെൺകുട്ടിയാണ് കൈക്കൂലിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. കൈക്കൂലി നൽകിയാലെ കേസ് അന്വേഷിക്കുവെന്ന് പലരും പറഞ്ഞു കേട്ടു. ഇതിനാലാണ് താൻ കൈക്കൂലിയുമായി വന്നതെന്നും മാൻവി പറഞ്ഞു.

മുത്തശ്ശനോടൊപ്പം കേസിന്റെ സ്ഥിതിഗതികളറിയാൻ ഇൻസ്പെക്ടർ ജനറലിന്റെ ഓഫീസിലെത്തിയ പെൺകുട്ടി പൊലീസിന് കൈക്കൂലി നൽകുകയായിരുന്നു. എന്നാൽ കുട്ടിയുടെ കൈക്കൂലി വാങ്ങാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പൊലീസ് പെൺകുട്ടിയെ ആശ്വസിപ്പിക്കുകയും അന്വേഷണം ഉടൻ പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകി മടക്കി അയക്കുകയുമായിരുന്നു.

മാൻവിയുടെ മാതാവ് സീമ കൗഷിക് എപ്രിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഇതാണ് സീമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സീമയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സീമയും ഭർത്താവും നാലുവർഷമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

സംഭവത്തെതുടർന്ന് സീമയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുകൂലമായ ചാർജ് ഷീറ്റ് എഴുതണമെങ്കിൽ കൈക്കൂലി നൽകണമെന്ന് പൊലീസ് പറഞ്ഞതായി സീമയുടെ കുടുംബം ആരോപിച്ചു. കേസ്സുമായി ബന്ധപ്പെട്ട് ഭർത്താവ് ജയിലിലാണെന്നും മറ്റുള്ളവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചിരുന്നു.