ന്യൂഡൽഹി: രാജസ്ഥാനിലെ ബാർമെറിൽ ആറു വയസുകാരിയെ സർക്കാർ സ്‌കൂളിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി. കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിലെ മേശയിൽ കെട്ടിയിട്ടായിരുന്നു ആക്രമണം.

സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സ്‌കൂളിലെ തൂപ്പുകാരാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ജില്ലാ കളക്ടറും പൊലീസ് മേധാവിയുമടക്കം സ്‌കൂളിൽ സന്ദർശനം നടത്തി. സ്‌കൂൾ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്ത് വരികയാണ്. ആർമി പൊലീസിന്റെ കാവലിലാണ് ചോദ്യംചെയ്യൽ.

ഡൽഹിയിൽ അഞ്ചു വയസ്സുകാരിയെ സ്‌കൂളിൽ പ്യൂൺ പീഡിപ്പിച്ച സംഭവത്തിനും ഗുർഗ്രാമിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് പിഞ്ചുകുഞ്ഞിനു നേരെ രാജസ്ഥാനിൽ അതിക്രമം ഉണ്ടായിരിക്കുന്നത്.

വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ആറു വയസ്സുകാരിയുമൊത്ത് പിതാവ് ആശുപത്രിയിലെത്തിയത്.എന്നാൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായി കണ്ടെത്തി. അസ്വാഭാവികമായ സംഭവമായതിനാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയതും. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടി.