ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ഹൗസ് കീപ്പീങ് വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിട്ടുണ്ട് ഇയാൾ മൂന്നുമാസം മുമ്പാണ് സ്‌ക്കൂളിൽ ജോലിക്കു ചേർന്നത്.

ശൗചാലയത്തിൽ വച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 'ശൗചാലയത്തിൽ കുട്ടികളെ സഹായിക്കാൻ ചുമതലയുണ്ടായിരുന്ന സ്ത്രീ ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. തുടർന്ന് മകൾ സഹായം ആവശ്യപ്പെട്ടപ്പോൾ ഇയാൾ ശൗചാലയത്തിന്റെ അകത്തെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു- പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

വീട്ടിലെത്തിയ കുട്ടി അമ്മയോട് കാര്യം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രിൻസിപ്പാളിനോട് കാര്യം പറയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ജീവനക്കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.

ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ ശൗചാലയത്തിൽ പ്രദ്യുമ്നൻ എന്ന ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ടത് കഴിഞ്ഞമാസമാണ്.