കുവൈത്ത് സിറ്റി: തൊഴിൽ വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിയ്‌ക്കെതിരെ കുവൈത്ത് തൊഴിൽ വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സാമൂഹികതൊഴിൽ മന്ത്രി ഹിന്ദ് അൽസുബീഹ് 4,300 സ്വകാര്യ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നതിന് 60 ദിവസത്തെ സമയപരിധി അനുവദിച്ചു. ഈ കാലയളവിൽ രേഖകൾ ശരിയാക്കാത്ത വിദേശതൊഴിലാളികൾ രാജ്യം വിടണമെന്നാണ് ഉത്തരവിൽ പറയുന്നത്.

തൊഴിൽമന്ത്രാലയവും പബ്ലൂക്ക് അഥോറിറ്റി ഫോർ മാൻപവറും ആഭ്യന്തരമന്ത്രാലയവുമായി സംയോജിച്ചുകൊണ്ടാണ് നടപടികളാരംഭിച്ചിട്ടുള്ളത്.തൊഴിൽനിയമം അനുസരിച്ച് വിദേശരാജ്യങ്ങളിൽനിന്നും റിക്രൂട്ട് ചെയ്യുന്ന വിദേശതൊഴിലാളിയുടെ എല്ലാ ചുമതലയും തൊഴിലുടമയ്ക്കാണ്. തൊഴിലാളിക്ക് കരാറനുസരിച്ചുള്ള വേതനവും മറ്റ് സൗകര്യങ്ങളും കൃത്യമായി നൽകുന്നതിന് തൊഴിലുടമ ബാധ്യസ്ഥരാണ്. ചെയ്യാത്ത തൊഴിലുടമയുടെ പേരിൽ കോടതി നടപടി സ്വീകരിക്കും. വീഴ്ചവരുത്തുന്ന തൊഴിലുടമയെ പിന്നീടൊരിക്കലും വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിക്കുന്നതല്ല. കൂടാതെ പിഴയും ശിക്ഷയും നേരിടേണ്ടിവരുന്നതാണെന്നും ഹിന്ദ് അൽസുബീഹ് പറഞ്ഞു.

വീഴ്ചവരുത്തുന്ന കമ്പനികളുടെ ഫയലുകൾ സ്ഥിരമായി റദ്ദാക്കുന്നതിന് കമ്പനിവിശദാംശവും തൊഴിലുടമയെ സംബന്ധിക്കുന്ന വിവരങ്ങളും മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് തൊഴിലാളികൾക്ക് ഉപയോഗപ്രദമാകുന്ന പുതിയൊരു പദ്ധതി നടപ്പാക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.