കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ കൂട്ട പിരിച്ചുവിടൽ. അറുപതോളം താൽക്കാലിക ജീവനക്കാരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. ഇത് സഹകരണ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന തീരുമാനമായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ നയങ്ങൾ ഈ പിരിച്ചുവിടലിന് പിന്നിലുണ്ടോ എന്നും ചർച്ചയാകുന്നു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ (കെഡിസി) വിവിധ ശാഖകളിൽ പ്രവർത്തിക്കുന്ന അറുപതോളം താൽക്കാലിക ജീവനക്കാരെയാണ് ഒരു മുന്നറിയിപ്പും നൽകാതെ ഇന്നുമുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഈ വിവരം പടർന്നതോടെ സഹകരണ മേഖലയിൽ പരക്കെ പരിഭ്രാന്തിയാണിപ്പോൾ.

തിങ്കളാഴ്‌ച്ച മുതൽ ജോലിക്ക് വരേണ്ടതില്ല എന്ന് ഞായറാഴ്‌ച്ച രാത്രി ഫോൺ മുഖേന ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു. ബാങ്കിലെ ഹെൽപ്പ് ഡെസ്‌ക് തസ്തികയിൽ ജോലിചെയ്യുന്ന അറുപതോളം ചെറുപ്പക്കാരാണ് നേരം ഇരുട്ടിവെളുത്തപ്പോഴേക്കും തൊഴിൽ രഹിതരായത്.
മൂന്നുവർഷത്തോളം ബാങ്കിൽ ജോലിചെയ്തുവരുന്നവരും പിരിച്ചുവിട്ടവരിൽ ഉൾപ്പെടും.

ആറുമാസം കൂടുമ്പോൾ ജീവനക്കാരുടെ കാലാവധി പുതുക്കുകയാണ് പതിവ്. ഇങ്ങനെ കാലങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെയാണ് പൊടുന്നനെ പിരിച്ചുവിട്ടിരിക്കുന്നത്. മുൻ ധാരണ പ്രകാരം കഴിഞ്ഞ മാർച്ചിൽ ജീവനക്കാരുടെ കാലാവധി ഇക്കൊല്ലം സെപ്റ്റംബർ 30 വരെ പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് പെട്ടെന്നൊരു ദിവസം താൽക്കാലിക ജീവനക്കാരെ വേണ്ടെന്ന് ബാങ്ക് തീരുമാനമെടുക്കുന്നത്.

ബാങ്കിന്റെ ഈ നടപടി മൂലം ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകൾ പൂർത്തിയാക്കാൻ പോലും തങ്ങൾക്ക് സാവകാശം ലഭിച്ചില്ലെന്നും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട ബാങ്കിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ പറയുന്നു. പൊടുന്നനെയാണ് തീരുമാനം ഉണ്ടായത് എന്നതിനാൽ മറ്റൊരു ജോലി തേടാൻപോലും സാവകാശം ഇല്ലാത്ത സ്ഥിതിയുമായി.

പിരിച്ചുവിടാനുള്ള തീരുമാനം പുതിയ ഭരണസമിതിയുടേതാണെന്നും, ഏപ്രിൽ 21ന് ഭരണ സമിതി യോഗം ചേർന്ന് ജീവനക്കാരുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഇത് അവരെ അറിയിക്കാൻ കാലതാമസം നേരിട്ടിട്ടുണ്ടാകാം എന്നും ആണ് ബാങ്ക് ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് പ്രതികരിച്ചിരിക്കുന്നത്.