ന്യൂഡൽഹി: മാർച്ച് ഒന്നു മുതൽ 60 വയസ് പിന്നിട്ടവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും കോവിഡ് വാക്സിൻ വിതരണം നടത്തുമെന്ന് കേന്ദ്ര സർക്കാർ.

10,000 സർക്കാർ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്സിൻ വിതരണം നടത്തുക. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാകും നൽകുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27 കോടി പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.19 കോടി ആളുകളാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.

സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ഡോസെടുക്കുന്നവരിൽ നിന്നും പണം ഈടാക്കും. ആശുപത്രികളുമായും വാക്സിൻ നിർമ്മാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് രാജ്യത്ത് നിലവിൽ വാക്സിനേഷൻ നടത്തികൊണ്ടിരിക്കുന്നത്.

ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം കേന്ദ്രസർക്കാർ ആരംഭിച്ചത്. രാജ്യത്തെ 3 കോടി ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിൻ വിതരണം ഉദ്ഘാടനം ചെയ്തത്.