തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മക്കളെ സ്‌കൂളിൽ ചേർക്കുന്നതിന് മുമ്പ് അംഗീകാരമുള്ളവയാണോ എന്ന് ഉറപ്പു വരുത്തുക. അടുത്ത വർഷം അംഗീകാരമില്ലാത്ത 6000 അൺഎയ്ഡഡ് സ്‌കൂളകൾ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഈ സ്‌കൂളുകൾക്കെല്ലാം തന്നെ സർക്കാർ നോട്ടീസ് നൽകി കഴിഞ്ഞു.

സർക്കാറിന്റെ നിർദ്ദേശം നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് സിബിഎസ്ഇ സ്‌കൂളുകൾക്കായിരിക്കും പിടി വീഴുക. അതത് ജില്ലകളിലെ ഡിഇഒമാർ ജില്ല തിരിച്ചുള്ള സ്‌കൂളുകളുടെ കണക്ക് ശേഖരിച്ച് നൽകിയതിൻ പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകിയത്. കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്.

സ്‌കൂളിന് അംഗീകാരമുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്നും അല്ലാത്ത പക്ഷം 2017-18 അധ്യയനവർഷം മുതൽ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കണമെന്നുമാണു നോട്ടീസിലെ നിർദ്ദേശം. 2009-ലെ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം, അതിനുശേഷമുള്ള സർക്കാർ ഉത്തരവുകൾ, ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് എന്നിവ പരിഗണിച്ചാണ് പൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. ഇത് ധിക്കരിച്ച് സ്‌കൂൾ പ്രവർത്തിപ്പിച്ചാൽ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമ പ്രകാരം മാനേജർക്ക് നേരെ ക്രിമിനൽ കേസ് എടുക്കുകയും പിഴയീടാക്കുകയും ചെയ്യും.

കേരള വിദ്യാഭ്യാസച്ചട്ടത്തിലും (കെ.ഇ.ആർ) അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവർത്തനം തടയാൻ വ്യവസ്ഥയുണ്ട്. എന്നാൽ സർക്കാർ അതു കർശനമായി നടപ്പാക്കിയിരുന്നില്ല. കെ.ഇ.ആർ. പ്രകാരം പുതിയ സ്‌കൂൾ തുടങ്ങണമെങ്കിൽ വിദ്യാഭ്യാസ ഓഫീസർമാർ സ്ഥലം സന്ദർശിച്ച്, സമീപം പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥകൾ പാലിക്കാതെയാണു സി.ബി.എസ്.ഇ. സിലബസിൽ 90% സ്‌കൂളുകളും തുടങ്ങിയത്.

2010-ൽ കേന്ദ്ര വിദ്യാഭ്യാസനിയമം സം്സഥാനത്തു നടപ്പാക്കാൻ തുടങ്ങിയതോടെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമായി. അംഗീകാരമില്ലാത്ത സ്‌കൂളുകൾ പാടില്ലെന്നു നിയമത്തിൽ കർശനവ്യവസ്ഥയുണ്ട്. എന്നാൽ, സ്‌കൂളുകൾ കൂട്ടത്തോടെ പൂട്ടുന്നത് ഒഴിവാക്കുന്നതിനായി ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകാൻ അന്നത്തെ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചു.

മൂന്നേക്കർ സ്ഥലം, സ്ഥിരം കെട്ടിടങ്ങൾ, സി.ബി.എസ്.ഇ. മാനദണ്ഡപ്രകാരം നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകർ, ആധുനികപഠനരീതി, കുറഞ്ഞത് 300 കുട്ടികൾ എന്നിവയായിരുന്നു വ്യവസ്ഥകൾ. ഇതനുസരിച്ച് അംഗീകാരത്തിനായി മൂവായിരത്തോളം അപേക്ഷകൾ ലഭിച്ചു. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച 900 സ്‌കൂളുകൾക്ക് അംഗീകാരം നൽകി. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയാണു പലതും അംഗീകാരം നേടിയതെന്ന ആക്ഷേപവുമുയർന്നു. തുടർന്നും സ്‌കൂളുകൾക്ക് അംഗീകാരം നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും പൊതുവിദ്യാഭ്യാസം തകർക്കുന്നുവെന്ന ആരോപണത്തേത്തുടർന്ന് നടന്നില്ല.

ഇടതുസർക്കാർ അധികാരമേറിയപ്പോൾതന്നെ പുതിയ സ്‌കൂളുകൾക്ക് അംഗീകാരം നൽകില്ലെന്നു തീരുമാനിച്ചു. ഇതേത്തുടർന്നാണ് അംഗീകാരമില്ലാത്ത സ്‌കൂളുകളെല്ലാം പൂട്ടാൻ തീരുമാനിച്ചത്.