- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ ജയിലുകളിൽ 604 ഇന്ത്യക്കാർ: ഉടൻ മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ആണവ നിലയങ്ങളുടെ വിവരങ്ങൾ കൈമാറി ഇരുരാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യൻ ജയിലിൽ കഴിയുന്ന പാക് തടവുകാരുടെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ തടവുകാരുടെയും വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങൾ. എല്ലാവർഷവും വിവരങ്ങൾ കൈമാറാനുള്ള ധാരണ അനുസരിച്ചായിരുന്നു ഇത്. മീൻപിടുത്തക്കാരടക്കം 604 ഇന്ത്യൻ പൗരന്മാരാണ് ജയിലുകളിൽ ഉള്ളതെന്നാണ് പാക്കിസ്ഥാൻ നൽകുന്ന വിവരം.
തടവിലാക്കിയ 356 മത്സ്യത്തൊഴിലാളികളെയും രണ്ട് സാധാരണ പൗരന്മാരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരെന്ന് തെളിയിക്കപ്പെട്ടവരുടെ മോചനമാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
പാക്കിസ്ഥാൻ പിടികൂടിയ ഇന്ത്യക്കാരെന്ന് സ്ഥിരീകരിക്കാത്ത 182 മത്സ്യത്തൊഴിലാളികൾക്കും 17 സാധാരണക്കാർക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള അനുമതി നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവർക്ക് കൗൺസിംലിങ് നൽകാൻ ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചു. മുൻ ധാരണ പ്രകാരം ആണവ നിലയങ്ങളുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും ഇരുരാജ്യങ്ങളും കൈമാറി. 1988 ഡിസംബർ 31നായിരുന്നു എല്ലാ വർഷവും ആണവ പ്ളാന്റുകളുടെ വിവരങ്ങൾ കൈമാറാനുള്ള ധാരണയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
എല്ലാവർഷവും ജനുവരി 1 നും ജൂലൈ 1 നും തടവുകാരുടെ പട്ടിക പരസ്പരം കൈമാറമെന്നാണ് കരാറിലെ വ്യവസ്ഥ. അതുപ്രകാരം പാക്കിസ്ഥാൻ നൽകിയ പട്ടികയിലെ 358 പേരുടെ ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കപ്പെട്ടു. ഇവരെയാണ് എത്രയും വേഗത്തിൽ മോചിപ്പിച്ച് സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ തടവിലുള്ള 355 പാക്കിസ്ഥാൻ പൗരന്മാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.