കുവൈറ്റ് സിറ്റി: നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് കുവൈറ്റിൽ 62 നഴ്‌സറി സ്‌കൂളുകൾ അടച്ചുപൂട്ടി. 2014ലെ വനിതശിശുക്ഷേമ സംരക്ഷണ നിയമപ്രകാരം നിബന്ധനകൾ പാലിക്കാത്തതും സ്‌കൂൾ നടത്താൻ ബുദ്ധിമുട്ടുകൾ ഉള്ളതുമായ സ്ഥാപനങ്ങളാണ് അടച്ച് പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു.തൊഴിൽസാമുഹിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലെ വനിതശിശുേക്ഷമ സംരക്ഷണ വകുപ്പാണ് സ്‌കൂളുകൾക്കെതിരെ നടപടിയെടുത്തത്. 

ഫ് ളാറ്റുകളിൽ നഴ്‌സറി നടത്തികൊണ്ടുപോകാനുള്ള സൗകര്യക്കുറവും വേണ്ടത്ര സുരക്ഷയും ഇല്ലാത്തതാണ് നഴ്‌സറി അടച്ച് പൂട്ടാൻ പ്രധാന കാരണം. വിദേശികൾ ഏറെയുള്ള പ്രദേശങ്ങളിൽ ഫ് ളാറ്റുകളിൽ നഴ്‌സറികൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കുടാതെ, ചിലർ നഴ്‌സറികളുടെലൈസൻസ് കരസ്ഥമാക്കിയ ശേഷം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ 339 നഴ്‌സറികളാണ് ഉള്ളത്. 50ൽ അധികം പുതിയ അപേക്ഷകൾ വന്നിട്ടുമുണ്ട്. എന്നാൽ, 2014ലെ വനിതശിശുക്ഷേമ സംരക്ഷണ നിയമപ്രകാരം മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. നിയമത്തിലെ 22ാം വകുപ്പ്പ്രകാരം റസിഡൻഷ്യൽ ഫ് ളാറ്റുകളിൽ നഴ്‌സറികൾക്ക് അനുവാദം ഇല്ല.