വാഷിങ്ടൺ: 2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തു കൂടി കടന്നുപോകും. 2014 ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹമാണിത്. ഭൂമിക്ക് 18 ലക്ഷം കിലോമീറ്റർ അടുത്തുകൂടെയാവും ഇത് കടന്നുപോവുകയെന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ക്ഷുദ്രഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തുകൂടിയാകും കടന്ന പോകുക എങ്കിലും ഒരു കൂട്ടിയിടിയും ഉണ്ടാകില്ലെന്ന് നാസ ശാസ്ത്രജ്ഞർ അറിയിച്ചു. ഭൂമിക്കടുത്ത് കൂടി കടന്ന് പോയ ശേഷം ഇത് സൂര്യനെ വലയം ചെയ്യും.

ചെറിയ ക്ഷുദ്രഗ്രഹങ്ങൾ ആഴ്ചയിൽ പലവട്ടം ഈ അകലത്തിലൂടെ കടന്നുപോകാറുണ്ട്. എന്നാൽ, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂർവമാണെന്ന് നാസ പറഞ്ഞു. ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇനി 2027-ലേ ഭൂമിയോട് അടുത്തെത്തൂ. 1999എ.എൻ.10 ആണത്.

400 വർഷം മുമ്പാണ് ഭൂമിയുടെ അയൽക്കാരായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാൽ പിന്നെ 2600 ൽ വീണ്ടും എത്തുമെന്നാണ് പറയുന്നത്. വിശിഷ്ടമായ ഒരു അവസരം എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകത്ത് പലയിടങ്ങളിലായി ദൂരദർശനികൾ വഴി ഇതിനെ കുറിച്ച് പഠിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട്. സഞ്ചാരപഥത്തിലെ വലിപ്പം താരതമ്യം ചെയ്യമ്പോഴും ചന്ദ്രനേക്കാൾ ഇരട്ടി തിളക്കം കാണുമ്പോഴും ഇതിനെ തിരിച്ചറിയാകുമെന്ന് നാസ പറഞ്ഞു. ചെറിയ ഒപ്റ്റിക്കൽ ദൂരദർശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളിൽ ഇതിനെ കാണാൻ സാധിക്കും.