മലപ്പുറം: ഭക്ഷ്യ വിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ. ഒരാൾ ചികിത്സക്കിടെ മരിച്ചു. തിരൂർ കൂട്ടായി സ്വദേശി അരയന്റെ പാടത്ത് കുഞ്ഞാവ (67) യാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരൂർ ജില്ലാ ആശുപത്രിയിൽ വച്ചാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. കുഞ്ഞാവക്കു പുറമെ ഭാര്യ ഖദീജ, മകൻ കബീർ, മകളുടെ ഒന്നര വയസ് പ്രായമുള്ള പെൺകുട്ടി എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഞ്ഞാവയുടെ മരണത്തെ തുടർന്ന് മറ്റു മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുടുംബത്തിന് വെള്ളിയാഴ്ച രാവിലെ മുതൽ കലശലായ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കുടുംബം ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം അസുഖം മൂർഛിച്ചതോടെ കുഞ്ഞാവ, ഖദീജ, കബീർ എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും ഒന്നര വയസുകാരിയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ നടത്തുന്നതിനിടെയാണ് കുഞ്ഞാവ മരണപ്പെട്ടത്. ഇതോടെ മറ്റുള്ളവരെ മെഡിക്കൽ കോളേജിലേക്കു മാറ്റി. മരിക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പ് വരെ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതു ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് അവ്യക്തമാണ്. കുഞ്ഞാവയുടെ മരണം സൈലന്റ് അറ്റാക്ക് മൂലമാണെന്നാണ് പരിശോധിച്ച ഡോക്ടറുടെ നിഗമനം. മരണം ഏതുവിധേനയെന്നു കണ്ടെത്താൻ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.