മലപ്പുറം: തിരൂരിൽ പണമെടുക്കാൻ ബാങ്കിൽ ക്യൂവിൽ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു. താനൂർ മൂലക്കൽ സ്വദേശിയും അഡീഷണൽ പബ്ലിക്ക് പ്രോസിക്യുട്ടർ അഡ്വ. പി പി റഹൂഫിന്റെ പിതാവുമായ പരീച്ചിന്റെ പുരക്കൽ പരീതാ(69)ണ് മരിച്ചത്.

എസ് ബി ഐ തിരൂർ താഴേപ്പാലം മെയിൻ ബ്രാഞ്ചിൽ ഇന്ന് 12 മണിയോടെയാണ് സംഭവം .ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ബാങ്കിലെത്തി ടോക്കൺ വാങ്ങി കാത്തിരിക്കുകയായിരുന്നു പരീത്. നോട്ടു ക്ഷാമം നേരിട്ടതിനാൽ ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. മലപ്പുറം ജില്ലയിലെ മിക്ക ബാങ്കുകളിലും ഇതു തന്നെയാണ് അവസ്ഥ. അതിനാൽ ബാങ്കിലും എ ടി എം കൗണ്ടറുകൾക്കു മുന്നിലും വലിയ തിരക്കു തന്നെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഇതിനിടക്ക് വയോധികരെന്നോ സ്ത്രീകളെന്നോ പരിഗണിക്കാറില്ല.

ബാങ്കിലെത്തി തളർന്നു വീണ സംഭവം സമീപ പ്രദേശത്തും ഉണ്ടായിരുന്നു. ഏറെ നേരം വരി നിന്ന് തളർച്ച അനുഭവപ്പെട്ട പരീദ് തന്റെ ഊഴം കാത്ത് ബാങ്കിൽ മാറിയിരിക്കുകയായിരുന്നു. ഇതിനിടെ തളർന്ന് വീണ് മരണം സംഭവിക്കുകയായിരുന്നു.