രാഷ്ട്രപിതാവു മഹാത്മാഗാന്ധിയുടെ 69-ാം രക്തസാക്ഷി ദിനാചരണമാണിന്ന്. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി കൊല്ലപ്പെട്ടത്. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്‌കരിച്ചു. മഹാത്മാവിന്റെ ഓർമകൾ ഏഴുപതിറ്റാണ്ടോളം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങൾ കാലികപ്രസക്തമായിത്തന്നെ നിലകൊള്ളുകയാണ്. മാത്രമല്ല, മുമ്പെന്നത്തേതിനേക്കാൾ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർധിച്ചു വരികയുമാണ്.

ഒപ്പമുള്ളവരെ തള്ളിമാറ്റി മൂന്നു വെടിയുണ്ടകൾ മഹാത്മാവിന്റെ നെഞ്ചിലേക്കുതിർത്ത ഗോഡ്‌സെയ്ക്കു വേണ്ടി ഇപ്പോഴും പിന്തുണ ഉയർത്തുന്നവരുടെ ആക്രോശങ്ങൾക്കു മേൽ ശക്തമായ പ്രതിരോധം തീർക്കാൻ ഗാന്ധിയൻ ആശയങ്ങൾ കരുത്താവുക തന്നെ വേണം. സ്വാതന്ത്ര്യപോരാട്ടത്തിൽ പുതിയ ഊർജം പകർന്ന മഹാത്മാവിനെ ഇകഴ്‌ത്തിക്കാട്ടാൻ പല കോണിൽ നിന്നു ശ്രമങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. മഹാത്മാവിനെ പറിച്ചുമാറ്റി അവിടെ തിരുകിക്കയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗോഡ്‌സെയുടെ പിന്മുറക്കാരുടെ അജൻഡകൾക്കെതിരായി കടുത്ത പ്രതിഷേധമുയർത്താനും ഗാന്ധിസ്മൃതിക്കു കഴിയണം.

ഗാന്ധിഘാതകനെ വാഴ്‌ത്തി, ഗാന്ധിയെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഗാന്ധിജിയെ വധിച്ചതു വ്യക്തിയുടെ തെറ്റായി കാണാൻ ശ്രമിച്ചാൽ പോലും അതിനെ ന്യായീകരിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതു തന്നെ കരുതിക്കൂട്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു ഗാന്ധിവധത്തിനു പിന്നിൽ എന്നു വ്യക്തമാകുന്നതാണ്. പിറന്ന നാടിനു സ്വാതന്ത്ര്യം നേടാൻ പോരാടിയ ഗാന്ധിജി, നിലവിലെ സാഹചര്യങ്ങളിൽ വീണ്ടും വീണ്ടും വധിക്കപ്പെടുകയാണ് എന്നതാണു യാഥാർഥ്യം.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെയാണു ലോകമെമ്പാടും ഗാന്ധിജി ശ്രദ്ധിക്കപ്പെട്ടത്. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധിജിയെ ലോകം വാഴ്‌ത്തുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധികളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിങ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഐക്യരാഷ്ട്രസഭ ഗാന്ധിജയന്തിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നുണ്ട്. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥമാണു ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാദിനം ആചരിക്കുന്നത്. അഹിംസയല്ല, അസഹിഷ്ണുതയാണു ഞങ്ങളുടെ മാർഗം എന്നാക്രോശിക്കുന്നവരുടെ കാലത്ത് ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി ഏറിവരികയാണ്.