ടോക്യോ: ജപ്പാനിലെ ഫുക്കുഷിമയിൽ റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ വൻ ഭൂകമ്പം കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. സുനാമിയുണ്ടാകുമെന്ന ആശങ്കയിൽ ഞൊടിയിടയിൽ ജനങ്ങളെ ഒഴിപ്പിച്ചു. രാവിലെ ആറുമണിയോടെയാണ് ഭൂകമ്പം ഫുക്കുഷിമയെ വിറപ്പിച്ചത്. ഒരുമണിക്കൂറിനകം വലിയ തിരകൾ പ്രത്യക്ഷപ്പെടുകയും എട്ടുമണിയോടെ ഫുക്കുഷിമയ്ക്ക് വടക്ക് സെൻഡായ്, മിയാഗി തുടങ്ങിയ തീരങ്ങളിൽ വലിയ തിരകൾ അടിച്ചുകയറുകയും ചെയ്തു.

മിയാഗിയിൽനിന്നും ഫുക്കുഷിമയിൽനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ജാപ്പനീസ് മെറ്റീരിയോളജിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്യതത്തിന്റെ പസഫിക് തീരത്തുടനീളം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത കേന്ദ്രങ്ങളിൽ താമസിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂകമ്പത്തിൽ ഒരിക്കൽ നടുങ്ങിവിറച്ച ഫുക്കുഷിമയിലാണ് വീണ്ടും വൻ ചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.4 മുതൽ 5.4 വരെ രേഖപ്പെടുത്തിയ ഒട്ടേറെ തുടർചലനങ്ങളും ഇതേത്തുടർന്നുണ്ടായി.. ഫുക്കുഷിമ ആണവ നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിന്റെ കൂളിങ് സംവിധാനം ഇതേത്തുടർന്ന് നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. വെള്ളം ചോർന്നില്ലെങ്കിലും താപനില ഉയർന്നതായും റിപ്പോർട്ടുണ്ട്. രാവിലെ എട്ടരയോടെ കൂളിങ് സംവിധാനം വീണ്ടും പ്രവർത്തന ക്ഷമമാവുകയും ചെയ്തു.

തുടർചലനങ്ങൾ ടോക്യോവരെ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. രാവിലെ ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഷിൻസോ അബെ, ഭൂകമ്പത്തെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ മാത്രമേ പുറത്തുവിടാവൂ എന്നഭ്യർഥിച്ചു. വലിയ ഭൂകമ്പമാണ് ഉണ്ടായതെങ്കിലും ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും പേർക്ക് പരിക്ക് പറ്റിയെന്ന വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.