ബെംഗളൂരു: കർണാടക ഊർജ്ജ മന്ത്രി ഡികെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 7.5 കോടി രൂപ  പിടിച്ചെടുത്തതായി റിപ്പോർട്ട്. എന്നാൽ, ബിജെപിയുടെ കുതിരക്കച്ചവടം ഒഴിവാക്കുന്നതിന് ഗുജറാത്ത് എംഎൽഎമാരെ രഹസ്യമായി താമസിപ്പിക്കുന്നതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് പരിശോധനയെന്ന് കോൺഗ്രസ് ആരോപിച്ചു.

ബംഗളൂരുവിലെ ശിവകുമാറിന്റെ വീട്ടിൽനിന്ന് അഞ്ച് കോടി രൂപയും സ്ഥാപനങ്ങളിൽനിന്ന് 2.5 കോടി രൂപയും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. സിആർപിഎഫ് അകമ്പടിയോടെയെത്തിയ 10 ഉദ്യോഗസ്ഥരാണ് റിസോർട്ടിൽ പരിശോധന നടത്തിയത്.

അതേസമയം, ഗുജറാത്തിൽനിന്നുള്ള എംഎൽഎമാർ താമസിക്കുന്ന റിസോട്ടിലും എംഎൽഎമാരുടെ താമസത്തിന്റെ ചുമതലയുള്ള കർണാടക മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.കെ. ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലും നടത്തിയ റെയ്ഡ് ബിജെപിയുടെ ആസൂത്രിതമായ നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കേട്ടുകേൾവിയില്ലാത്ത തരം പ്രതികാര നടപടിയാണ് ബിജെപിയുടെ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ഗുജറാത്ത് എംഎൽഎമാരെ തങ്ങളുടെ പക്ഷംചേർക്കുന്നതിന് പണവും ഗുണ്ടായിസവും കാട്ടുകയാണ് ബിജെപിയെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു.

എംഎൽഎമാരെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞതോടെ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാനാണ് റെയ്ഡുമായി കേന്ദ്രസർക്കാർ എത്തിയതെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യസഭയിൽ ബഹളമുണ്ടാക്കി. ഗുജറാത്തിലെ രാജ്യസഭാ സീറ്റ് നേടുന്നതിന് കേന്ദ്രത്തിൽ ഭരണമുള്ള ബിജെപി നടത്തുന്ന വൃത്തികെട്ടതും നിന്ദ്യവുമായ നീക്കമാണ് ഇത്തരം റെയ്ഡുകളിലൂടെ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സർജേവാല പറഞ്ഞു. ഇത്തരം രാഷ്ട്രീയി ഗൂഢാലോചനകൾകൊണ്ട് കോൺഗ്രസിനെ പോലൊരു പാർട്ടിയെ പരാജയപ്പെടുൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഗുജറാത്തിൽനിന്നുള്ള എംഎൽഎമാരുമായി ഇപ്പോഴത്തെ റെയ്ഡിന് ബന്ധമൊന്നുമില്ലെന്ന് ആദായനികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി ശിവകുമാറിനെ മാത്രം ലക്ഷ്യംവച്ചാണ് പരിശോധനകൾ നടത്തിയത്. മന്ത്രിക്കെതിരായി നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി തെളിവുശേഖരിക്കുന്നതിന് നടത്തിയ പരിശോധനകളാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഗുജറാത്തിൽനിന്ന് ഏഴ് എംഎ‍ൽഎ.മാർ പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നിരുന്നു. ബിജെപി.യുടെ സ്വാധീനവലയത്തിൽനിന്ന് എംഎ‍ൽഎ.മാരെ അകറ്റാൻ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. കർണാടകത്തിൽ കോൺഗ്രസ് ഭരണത്തിന്റെ പിൻബലത്തിൽ എംഎ‍ൽഎ.മാരെ കൂടെനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, സംസ്ഥാനത്തെ ബിജെപി. നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് ജനപ്രതിനിധികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള സാമാജികരെ ബംഗളൂരുവിലെ റിസോട്ടിൽ ഒളിവിൽ പാർപ്പിച്ചത്.

ഇവർക്ക് കോൺഗ്രസ് നേതൃത്വം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് എട്ടുവരെ എംഎ‍ൽഎ.മാരെ ഇവിടെ താമസിപ്പിക്കാനാണ് തീരുമാനം.