മക്ക: ചെലവു ചുരുക്കലിന്റെ ഭാഗമായി ബിൻലാദിൻ ഗ്രൂപ്പ് 50,000ത്തോളം പ്രവാസി തൊഴിലാളികളെ പിരിച്ചു വിട്ടു. അടുത്തകാലത്തുണ്ടായ തൊഴിൽ നിയമ മാറ്റത്തിന്റേയും പ്രൊജക്ടുകൾ പൂർത്തിയായതിന്റേയും പേരിലാണ് കമ്പനി വിദേശ  തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്ന തൊഴിലാളികൾക്കും മറ്റും ശമ്പള കുടിശിക നൽകാത്തതിൽ കോപാകുലരായി തൊഴിലാളികൾ കമ്പനിയുടെ ബസുകൾക്ക് തീവച്ചു. മക്കയിലെ റുസൈഫയിൽ കമ്പനിയുടെ നിർത്തിയിട്ടിരുന്ന ഏഴു ബസുകളാണ് തീവച്ചു നശിപ്പിച്ചത്.

ഏതാനും ദിവസങ്ങളിലായി കമ്പനിയിലെ അമ്പതിനായിരം വിദേശ  തൊഴിലാളികൾക്ക് കമ്പനി വിട്ടുപോകുന്നതിനുള്ള നോട്ടീസ് നൽകി വരികയായിരുന്നു. കഴിഞ്ഞ വർഷം മക്കയിൽ 107 പേരുടെ മരണത്തിന് കാരണമായ ക്രെയിൻ ബിൻ ലാദിൻ കമ്പനിയുടേതായിരുന്നു. അതുകൊണ്ടു തന്നെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നതും തൊഴിലാളികളെ പിരിച്ചുവിടാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

കമ്പനിയിലെ എൻജീനിയർമാർ, ഫോർമാന്മാർ, സ്റ്റീൽ ഫിക്‌സർമാർ, ആശാരിപ്പണിക്കാർ, വെൽഡർമാർ തുടങ്ങിയ ജീവനക്കാർ പിരിച്ചുവിടൽ നേരിടുന്നുണ്ട്. കമ്പനിയുടെ ജിദ്ദയിലും മക്കയിലുള്ള പ്രൊജക്ടുകൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ കൂടുതൽ ജീവനക്കാരെ ആവശ്യമില്ലെന്നുമാണ് പറയുന്നത്. അതേസമയം പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശികയായി നൽകാനുള്ളതാണ് ജീവനക്കാരെ പ്രകോപ്പിച്ചിരിക്കുന്നത്.

മാസങ്ങളായി ചില ജീവനക്കാർക്ക് ശമ്പളവും ലഭിക്കുന്നില്ല. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കമ്പനി വിട്ടുപോകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ കമ്പനി ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭം നടത്തിവരികയായിരുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾ പ്രകോപിതരായി വാഹനങ്ങളുടേയും ഓഫീലുകളുടേയും ജനൽ ചില്ലുകൾ തകർത്തിരുന്നു. തുടർന്നാണ് ബസുകൾക്ക് മണ്ണെണ്ണയൊഴിച്ച് തീവച്ചത്.

ബിൻലാദിൻ കമ്പനിയിൽ ഇന്ത്യക്കാരടക്കമുള്ള ഏഷ്യക്കാരാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും. ബസുകൾക്ക് തീവച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുമെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.