- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവാടക അലവൻസിലെ വർധന നൽകുന്നത് നീട്ടില്ല; ഏപ്രിൽ ഒന്നു മുതൽ തന്നെ സർക്കാർ നൽകിയേക്കും; പുതിയ ശമ്പളത്തിൽ ഏഴ് ശതമാനം ഡിഎയായി നൽകും; സർക്കാർ അതി ദയനീയ സാമ്പത്തിക സ്ഥിതിയിൽ നിൽക്കവേ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും കത്തുകൾ; ശുപാർശ അതേപടി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഐസക്കും
തിരുവനന്തപുരം: ശമ്പളവർധനവിലെ ശുപർശകൾ അടുത്തു തന്നെ സർക്കാർ അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കാൻ സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിനിടെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വീട്ടു വാടക അലവൻസിലെ (എച്ച്ആർഎ) വർധന നടപ്പാക്കുന്നത് 2022 ജൂലൈ ഒന്നിലേക്കു നീട്ടാമെന്നു കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഈ തുക വരുന്ന ഏപ്രിൽ 1 മുതൽ തന്നെ സർക്കാർ നൽകിയേക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 28 ശതമാനം ക്ഷാമബത്ത നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച ശേഷം കിട്ടുന്ന പുതിയ അടിസ്ഥാന ശമ്പളത്തിനു മേൽ 10 ശതമാനം വർധനയാണ് പുതിയ ശമ്പള സ്കെയിൽ. ഫലത്തിൽ 10 ശതമാനം വർധനയാണ് ശമ്പളത്തിൽ വന്നിരിക്കുന്നത്. സർവീസ് വെയിറ്റേജ് എടുത്തുകളയുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാരിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും സർക്കാറിന് ഇത് ആശ്വാസമാണ്.
ഇതിനിടെയാണ് എച്ച്ആർഎ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കാൻ കമ്മിഷൻ തീരുമാനിച്ചത്. ഇത് പുതുക്കിയ ശമ്പളത്തോടൊപ്പം നൽകിയില്ലെങ്കിൽ മിക്ക സർക്കാർ ജീവനക്കാർക്കും കാര്യമായ വർധന ലഭിക്കില്ല. അതിനാൽ, എച്ച്ആർഎ സംബന്ധിച്ച നിർദ്ദേശം അതേപടി അംഗീകരിച്ച് ഉത്തരവിറക്കാനാണു ധനവകുപ്പ് ആലോചിക്കുന്നത്. അതസമയം പുതിയ ശമ്പളത്തിൽ ഏഴു ശതമാനം ഡിഎ ഉൾപ്പെടുത്താനും ആലോചനയുണ്ട്. 2020 ജനുവരിയിലെ 4 ശതമാനം ഡിഎയും ജൂലൈയിലെ 3 ഡിഎയും ചേർത്ത് ആകെ 7 ശതമാനം ഡിഎ പുതിയ ശമ്പളത്തിൽ ഉൾപ്പെടുത്താനാണ് ആലോചന.
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികടായി തുടരുകയായിരുന്നു. ഇത് പുതുക്കിയ ശമ്പളത്തിൽ ഉൾപ്പെടുത്താനാണ് ആലോചന നടക്കുന്നത്. രണ്ടു വർഷമായി കുടിശകയായ ഡിഎയിൽ ഒരു ഗഡു മാത്രം ഈ വർഷം ഏപ്രിലിൽ നൽകുമെന്നും രണ്ടാമത്തെ ഗഡു ഒക്ടോബറിൽ നൽകുമെന്നുമാണ് ബജറ്റിൽ പറഞ്ഞത്. എന്നാൽ ശമ്പള പരിഷ്ക്കരണം വന്നതോടെയാണ് ഇത് പുതുക്കിയ ശമ്പളത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്.
ഡിഎ എന്തിന്? എങ്ങനെ കണക്കാക്കും?
വിലക്കയറ്റം മൂലമുള്ള ജീവിതച്ചെലവുകളെ നേരിടാനാണ് ദേശീയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ജീവനക്കാർക്കു കൃത്യമായ കാലയളവിൽ ഡിഎ വർധന നിശ്ചയിക്കുന്നത്. ശമ്പളപരിഷ്കരണം നടപ്പാക്കിയതു മുതൽ വില സൂചികയിൽ വന്ന വർധനയുടെ ശതമാന നിരക്ക് കണക്കാക്കിയാണിത്. ജനുവരി 1നും ജൂലൈ ഒന്നിനുമായി ഓരോ വർഷവും 6 മാസ ഇടവേളയിൽ ഡിഎ പുതുക്കുമെന്നാണ് വ്യവസ്ഥ. തൊട്ടുമുൻപുള്ള ഒരു വർഷത്തെ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ (എഐസിപിഐ) ശരാശരിയാണ് ഇതിനു പരിഗണിക്കുന്നത്.
സംസ്ഥാനത്ത് 2014 ജൂലൈയിൽ പത്താം ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ എഐസിപിഐയുടെ വാർഷിക ശരാശരി 239.92 പോയിന്റും കേന്ദ്രജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയ 2016 ജനുവരിയിൽ ഇത് 261.42 പോയിന്റുമായിരുന്നു. ഏറ്റവുമൊടുവിൽ 2020 ജൂലൈയിൽ എഐസിപിഐ ശരാശരി 326.58 പോയിന്റ് ആയി ഉയർന്നു. ഇതു പ്രകാരം കേന്ദ്ര ജീവനക്കാർക്ക് 24 ശതമാനവും സംസ്ഥാന ജീവനക്കാർക്ക് 36 ശതമാനവുമാണ് നിലവിൽ ലഭിക്കേണ്ട ഡിഎ. 2021 ജനുവരിയിലെ കണക്ക് ലഭ്യമായിട്ടില്ല. എങ്കിലും നിലവിലെ വിലസൂചിക നിലവാരമനുസരിച്ച് ജനുവരി മുതൽ വരാനിരിക്കുന്ന വർധന കൂടിയാകുമ്പോൾ കേന്ദ്ര, സംസ്ഥാന ഡിഎ യഥാക്രമം 28%, 40% ആയി ഉയരാനാണ് സാധ്യത.
ശമ്പളം കൂട്ടരുതെന്നും മുറുവിളി
വീട്ടുവാടക അലവൻസിലെ അന്തരം കാരണം കോർപറേഷനിലെയും പഞ്ചായത്തിലെയും താമസക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വ്യത്യാസം. ഒരു എൽഡി ക്ലാർക്കിന്റെ ശമ്പളമെടുത്താൽ നഗരത്തിൽ ജോലി ചെയ്താൽ കിട്ടുന്നത് 2650 രൂപ. എന്നാൽ തൊട്ടടുത്ത ഗ്രാമത്തിലെങ്കിൽ 1200 രൂപ മാത്രം. ജോലി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടു മാത്രം വരുന്ന വ്യത്യാസം 1450 രൂപ. മുൻപ് ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുകയായിരുന്നു വീട്ടുവാടക അലവൻസായി നിശ്ചയിച്ചിരുന്നത്.
ഇതിനിടെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു ശമ്പളം കൂട്ടരുതെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ സർവീസ് സംഘടനകളും ശമ്പള പരിഷ്കരണ കമ്മിഷനു കത്തു നൽകിയപ്പോൾ തന്നെ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും വന്നു നൂറുകണക്കിനു നിവേദനങ്ങൾ. അതിലൊന്ന് പി.സി. ജോർജ് എംഎൽഎയുടെ കത്തായിരുന്നു. വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടനയും നിവേദനങ്ങൾ നൽകുകയും ഓൺലൈനായി സിറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
അഴിമതിക്കേസിൽ അറസ്റ്റിലായ ജീവനക്കാരെ സംബന്ധിച്ച പത്ര കട്ടിങ്ങുകളുമായി ഒരാൾ കമ്മിഷന് അയച്ച കത്തിലെ വിരട്ടൽ ഇങ്ങനെ: 'ഇവർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ കമ്മിഷൻ ഗുണം പിടിക്കില്ല.' എന്നാൽ ഇത്തരം പരാതികൾ അല്ല, സർക്കാരിന്റെ ദയനീയ സാമ്പത്തികാവസ്ഥയാണു വലിയ ശമ്പള വർധന ശുപാർശ ചെയ്യുന്നതിൽനിന്നു പിന്നോട്ടു വലിച്ചതെന്നാണു കമ്മിഷൻ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ശമ്പള സ്കെയിലുകളെക്കാൾ കൂടരുതെന്നും കമ്മിഷൻ തീരുമാനിച്ചിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സ്പെഷൽ റൂൾസിൽ കാട്ടിയിരുന്ന ശമ്പളം ഐഎഎസ് ഉദ്യോഗസ്ഥർക്ക് തുടക്കത്തിൽ നൽകുന്നതിനെക്കാൾ അധികമായിരുന്നു. ഐഎഎസിന്റെ ഫീഡർ കാറ്റഗറിക്ക് ഐഎഎസുകാരെക്കാൾ ശമ്പളമെന്നത് മുൻപ് ആരും പരിശോധിച്ചിരുന്നില്ല. കമ്മിഷൻ ഇതു തിരുത്തി തൊട്ടുതാഴത്തെ സ്കെയിലിലാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു ശമ്പള പരിഷ്കരണം കൂടി നടത്തിയാൽ വീണ്ടും കെഎഎസുകാർ ഐഎഎസിനും മുകളിലാകും. പല തസ്തികകളിലും ഇനി ശമ്പളം പരിഷ്കരിച്ചാൽ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും മുകളിലേക്ക് ശമ്പളം ഉയരും.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് പിന്നാലെ ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും അധികം താമസിയാതെ ഉണ്ടാകും. സർവകലാശാലകളിലും ജല അതോരിറ്റിയിലും അടുത്ത മാസവുംമാണ് ശമ്പള വർദ്ധന.
വീട്ടുവാടക അലവൻസിലെ അന്തരം
തസ്തിക എ ബി സി ഡി
എൽഡി ക്ലാർക്ക് 2650 2120 1590 1200
ഓഫിസ് അറ്റൻഡന്റ് 2300 2000 1500 1200
സിപിഒ 3110 2488 1866 1244
എസ്ഐ 4560 3648 2736 1824
ഹൈസ്കൂൾ ടീച്ചർ 4130 3304 2478 1652
എൽപി/യുപി ടീച്ചർ 3560 2848 2136 1424
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 3930 3144 2358 1572
അതേസമയം അടുത്തു തന്നെ ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശ അംഗീകരിച്ചു ഉത്തരവിറങ്ങുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ചചെയ്ത് ഏപ്രിൽ 1 മുതൽ പുതുക്കിയ ശമ്പളം നൽകുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. എന്നാൽ കമ്മിഷന്റെ ശുപാർശകൾ പൂർണമായി നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുപാർശകളിലെ പ്രായോഗികവും ഉടൻ നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ആണ് മന്ത്രിസഭ അംഗീകരിക്കുക. ശമ്പള, പെൻഷൻ വർധനയിലൂടെ സർക്കാരിന് 4810 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണു കരുതുന്നത്. ഈ വർഷത്തെ വിരമിക്കൽ ഒരു വർഷം നീട്ടിവയ്ക്കണമെന്ന കമ്മിഷന്റെ നിർദ്ദേശം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ