മുണ്ടക്കയം: കോരുത്തോട് ഗ്രാമം ശോകമൂകം. ഇന്നലെ രാത്രി പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഇവിടുത്തുകാരായ ഏഴ് പേരുടെ ജീവൻ നഷ്ടമായി. തീർത്ഥയാത്ര സംഘത്തിൽ അവശേഷിക്കുന്ന 12 കാരനും അതീവ ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിടുകയാണ്.

ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകട വിവരം നാട്ടിലറിയുന്നത്. കോരുത്തോട് പാറയിൽ ശശി (62) ,ഭാര്യ വിജയമ്മ (60),ഇവരുടെ മകൾ ലേഖ ,ഭർത്താവ് സുരേഷ്, മകൻ ജിനുവിന്റെ മക്കളായ അഭിജിത്ത് 14 ,ആദിത്യൻ 12 സുരേഷ് -ലേഖ ദമ്പതികളുടെ മകൻ മനു 26, ബന്ധു സജിനി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഇതിൽ ആദിത്യനൊഴികെ ഏഴ് പേരും മരണപ്പെട്ടു. മധുര മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള ആദിത്യന്റെ നിലയും അതീവ ഗുരുതമാണെന്നാണ് ആശുപത്രിയിലുള്ള ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഓമിനിവാൻ നിയന്ത്രണം തെറ്റി എതിരെ വരികയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ വാൻ ഒട്ടുമുക്കാലും തകർന്നു. വെട്ടിപ്പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത്.

വലിയ ശബ്ദം കേട്ടെങ്കിലും ആരും കാര്യമായി ശ്രദ്ധിച്ചില്ല, വിവരമറിഞ്ഞ് പൊലീസ് എത്തിതോടെയാണ് പിക്കേറ്റവരെ പുറത്തെടുത്തത്. സജിനി, ലേഖ, ആദിത്യൻ എന്നിവരൊഴികെ ബാക്കിയുള്ളവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആദിത്യനെയും സജിനിയെയും ഉടൻ മധുര മെഡിക്കൽ കോളേജിൽ എത്തിച്ചു. ലേഖയെ ദിണ്ടുകൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മധുര മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സജിനി ഇന്ന് രാവിലെ ഒമ്പത് മണിയോടുത്ത് മരണപ്പെട്ടതായിട്ടാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ലേഖയുടെയും സജിനിയുടെയും ഒഴികെയുള്ള മൃതദ്ദേഹങ്ങൾ പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദിണ്ടികൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ലേഖയുടെ മൃതദ്ദേഹവും താമസിയാതെ പഴനി ആശുപത്രിയിലെത്തിക്കും.

ഇതിന് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് കയറ്റുമെന്നും വൈകിട്ടോടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പഴനിയിലെത്തിയ മരിച്ച ശശിയുടെ ബന്ധുക്കൾ അറിയിച്ചു.

വൈകിട്ട് 3.30തോടെയാണ് തീർത്ഥയാത്ര സംഘം കോരുത്തോടുനിന്നും തിരിച്ചത്. വാഹനം ഓടിച്ചിരുന്ന സുരേഷാണെന്നാണ് പഴനി പൊലീസ് പുറത്തുവിട്ട വിവരം. സാമാന്യവേഗത്തിലായിരുന്ന ഓമിനിവാനും എതിരെ വരികയായിരുന്ന ലോറിയും നേർക്ക് നേർ ഇടിക്കുകയായിരുന്നു.

ശശി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സുരേഷ് കോരുത്തോടിൽ തുണ്ടത്തിൽ സ്‌റ്റോഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മരിച്ച ആഭിജിത്തിന്റെ പിതാവ് ജിനു കോരുത്തോട് സ്‌കൂളിലെ ജീവനക്കാരനാണ്.