ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയിൽ സർക്കാർ ആശുപത്രിയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 70തായി ഉയർന്നു 150തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഇതിൽ ഇരുപതോളംപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ബലൂചിസ്താൻ സർക്കാർ വക്താവ് അൻവറുൾ ഹഖ് പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്റെ ഘടകമായ ജമാഅത്ത് ഉർ അഹ്‌റാർ ഏറ്റെടുത്തു. സംഘടനയുടെ വക്താവ് എഹ്‌സാനുള്ള എഹ്‌സാൻ ആണ് ഉത്തരവാദിത്വമേറ്റെടുത്ത് ഇമെയിൽ സന്ദേശം അയച്ചത്.

തിങ്കളാഴ്ച രാവിലെ ബലൂചിസ്താൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ബിലാൽ അൻവർ കാസി വീട്ടിൽനിന്നിറങ്ങവെ കാറിനുനേരേ അജ്ഞാതരായ രണ്ടു തോക്കുധാരികൾ ആക്രമണംനടത്തിയതായിരുന്നു തുടക്കം. ക്വറ്റയിലെ മംഗൾ ചൗക്കിനു സമീപം മന്നൊ ജാൻ റോഡിലായിരുന്നു ആക്രമണം. വെടിയേറ്റ കാസി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചപ്പോഴായിരുന്നു ഉഗ്രസ്‌ഫോടനമുണ്ടായത്. ഈസമയം ഒട്ടേറെ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവരിലേറെയും അഭിഭാഷകരാണ്.

രണ്ടു സംഭവങ്ങളുംതമ്മിൽ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തിനുശേഷം അജ്ഞാതനായ ഒരാൾ വെടിവെപ്പുനടത്തിയതായും പൊലീസ് പറഞ്ഞു. എട്ടുകിലോ സ്‌ഫോടകവസ്തു ആക്രമണത്തിനായി ഉപയോഗിച്ചതായാണ് സൂചനകൾ. ഡോൺ ന്യൂസ് ക്യാമറാമാൻ മഹ്മൂദ് ഖാൻ, ആജ്തക് ക്യാമറാമാൻ ഷഹ്‌സാദ് ഖാൻ എന്നിവരും കൊല്ലപ്പെട്ടവരിലുൾപ്പെടുന്നു. മുതിർന്ന അഭിഭാഷകരും മരിച്ചിട്ടുണ്ട്. രാവിലത്തെ ആക്രമണത്തിൽ പരിക്കേറ്റ ബലൂചിസ്താൻ ബാർ അസോസിയേഷൻ മുൻപ്രസിഡന്റ് ബാസ് മുഹമ്മദ് കാകർ പിന്നീട് ആശുപത്രിയിൽ മരിച്ചു.

സ്‌ഫോടനത്തെ തുടർന്നു വെടിയൊച്ചയും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എട്ടു കിലോഗ്രാം എങ്കിലും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരിക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു. ലഹോറിലെ പാർക്കിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 75 പേർ കൊല്ലപ്പെട്ടിരുന്നു.

ഭീരകരാക്രമണത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈൻ, പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവർ ശക്തമായി അപലപിച്ചു. പരിക്കേറ്റവരെ നവാസ് ഷെരീഫ് ആശുപത്രിയിലെത്തി സന്ദർശിച്ചു. സുരക്ഷാപിഴവാണ് ആക്രമണത്തിനു കാരണമെന്നു സമ്മതിച്ച ബലൂചിസ്ഥാൻ ആഭ്യന്തരമന്ത്രി സർഫറസ് ബുഗ്തി, സംഭവം അന്വേഷിക്കുമെന്നു വ്യക്തമാക്കി. പ്രവിശ്യയിൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

അഫ്ഗാൻ താലിബാന്റെ ശക്തികേന്ദ്രമായാണു ക്വറ്റ അറിയപ്പെടുന്നത്. സംഘടനാ നേതാക്കളുടെ യോഗം ഇവിടെ സ്ഥിരമായി നടക്കാറുണ്ട്. കഴിഞ്ഞ മേയിൽ ഇവിടേക്കു വരുമ്പോഴാണ് അഫ്ഗാൻ താലിബാൻ മേധാവി മുല്ല അക്തർ മൻസൗർ യുഎസിന്റെ പൈലറ്റില്ലാ വിമാനാക്രമണത്തിൽ കൊല്ലപ്പെട്ടത്.