കോട്ടയം: സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടില്ലെന്ന് ഭയന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കണമല കാളകെട്ടി ചരുവിള പുത്തൻ വീട്ടിൽ ഓമനക്കുട്ടൻ പിള്ള(73)യാണു വീട്ടിൽ തൂങ്ങി മരിച്ചത്.

ഇദ്ദേഹത്തിന് കണമല സർവീസ് സഹകരണ ബാങ്കിൽ അഞ്ചു ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു. ഇതു തിരിച്ചു കിട്ടില്ലെന്ന ആശങ്കയാലാണ് ആത്മഹത്യ ചെയ്തത്.

നോട്ടുകൾ പിൻവലിച്ച നടപടിക്കു പിന്നാലെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്കു കടുത്ത നിയന്ത്രണമാണു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണു നിക്ഷേപിച്ച തുക തിരികെ ലഭിക്കില്ലെന്ന് ഭയപ്പെട്ട ഗൃഹനാഥൻ ജീവനൊടുക്കിയത്.

തിങ്കളാഴ്ച പകൽ മൂന്നരയോടെ വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഓമനക്കുട്ടൻ പിള്ളയുടെ മൃതദേഹം കണ്ടത്. ഭാര്യയും മക്കളും ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോ എന്ന ആശയങ്കയിലായിരുന്നു ഇദ്ദേഹമെന്ന് എരുമേലി പൊലീസ് പറഞ്ഞു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

അമ്മിണിയമ്മയാണ് ഓമനക്കുട്ടൻ പിള്ളയുടെ ഭാര്യ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: പാർവതി, വിനോദ്. സംസ്‌കാരം ചൊവ്വാഴ്ച നടത്തും.

നിക്ഷേപിച്ച തുകയ്ക്കായി കഴിഞ്ഞ കുറേ ദിവസങ്ങളായി ഓമനക്കുട്ടൻ ബാങ്കുകളിൽ കയറി ഇറങ്ങുകയായിരുന്നു. എന്നാൽ നോട്ട് നിരോധനത്തെ തുടർന്ന് സഹകരണ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. കഴിഞ്ഞ എട്ടുവർഷമായി കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു ഓമനക്കുട്ടൻ. ഇവിടെ ജോലിയിൽ നിന്നും പിരിഞ്ഞ വകയിൽ ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതിൽ നാലര ലക്ഷം രൂപ ഇയാൾ കണമല സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.

നോട്ട് നിരോധനത്തെ തുടർന്ന് സഹകരണ മേഖയിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്നാണ് പണം പിൻവലിക്കാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ഓമനക്കുട്ടൻ ശ്രമിച്ചത്. ഇതു നടക്കാതെ വന്നതോടെയാണ് ആത്മഹത്യ.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു കനത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. നിരോധിച്ച നോട്ടുകൾ മാറി നൽകുന്നതിനും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും സംസ്ഥാനത്തെ ജില്ലാ-പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്കു കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇതിനാൽ ഇവിടങ്ങളിലെ ദൈമംദിന പ്രവർത്തനങ്ങൾ നിശ്ചലമാണ്. സാധാരണക്കാരായ ജനങ്ങളെയും വിവിധ മേഖലകളേയും ദോഷകരമായി ഈ നടപടി ബാധിച്ചിട്ടുണ്ട്.

അതിനിടെ കൊല്ലത്ത് പണം മാറിവാങ്ങാനെത്തിയ ആൾ ബാങ്കിൽ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം നല്ലില എസ്‌ബിറ്റി ബാങ്കിലാണ് സംഭവം. കുണ്ടറ ഇളവൂർ സ്വദേശി ചന്ദ്രശേഖരനാണ് (68) മരിച്ചത്. രാവിലെ മുതൽ ക്യൂവിൽ നിൽക്കുകയായിരുന്ന ഇയാൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.