- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിനെ രക്ഷിക്കാൻ ചെലവായത് മുക്കാൽ കോടിയോളം; കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ ഉപയോഗിച്ചതിന് മണിക്കൂറിന് രണ്ട് ലക്ഷം; കരസേന, മറ്റ് രക്ഷാപ്രവർത്തവർക്കുമായി 50 ലക്ഷം ചെലവായി; ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്ച്ച വരുത്തിയ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസും
മലമ്പുഴ: മലമ്പുഴയിൽ കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ചെലവായത് 75 ലക്ഷം രൂപയോളമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. കൗതുകത്തിന് മലയിൽ കയറി ബാബു കുടുങ്ങിയപ്പോൾ ഇദ്ദേഹത്തെ താഴെ ഇറക്കാൻ വേണ്ടി വൻതുക തന്നെ മുടക്കേണ്ടി വന്നുവെന്നാണ പുറത്തുവരുന്ന വിവരം. ഇതിനോടകം തന്നെ മുക്കാൽ കോടി ആയെങ്കിലും അവിടം കൊണ്ടും തീർന്നിട്ടില്ല.
ബില്ലുകൾ ഇനിയും ലഭിക്കാനുണ്ടെന്നിരിക്കെ ചെലവ് കൂടുമെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം പറയുന്നത്. കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ, വ്യോമസേന ഹെലികോപ്ടർ, കരസേന, മറ്റ് രക്ഷാപ്രവർത്തവർ എന്നിവർക്ക് 50 ലക്ഷം രൂപ ചെലവായി. സംസ്ഥാന സർക്കാർ തന്നെ ഈ തുക വഹിക്കേണ്ടി വരും. ദുരന്ത നിവാരണ അതോരിറ്റിയിൽ നിന്നാകും പണം ചെലവാക്കുക.
തിങ്കളാഴ്ചയാണ് ബാബു കുമ്പാച്ചി മലയിൽ കുടുങ്ങിയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വെള്ളിയാഴ്ചയാണ് ബാബു വീട്ടിലെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവായത്. ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് പ്രാദേശിക സംവിധാനമാണ് ഉപയോഗിച്ചത്.
ഏറ്റവും ഒടുവിലാണ് കരസേനയുടെ രക്ഷാദൗത്യ സംഘത്തെ എത്തിച്ചത്. കരസേനയുടെ ദൗത്യ സംഘത്തിന് 15 ലക്ഷത്തിലേറെ ചെലവായി. എൻ.ഡി.ആർ.എഫ്, ലോക്കൽ ഗതാഗത സംവിധാനങ്ങൾ തുടങ്ങി മറ്റ് അനുബന്ധ ചെലവ് ഉൾപ്പെടെ മുപ്പത് ലക്ഷത്തിലേറെ ചെലവായിട്ടുണ്ടെന്നാണ് കണക്ക്.
ജില്ലാ ഫയർ ഓഫീസർക്ക് കാരണംകാണിക്കൽ നോട്ടീസ്
അതേസമയം ബാബുവിനെ രക്ഷപെടുത്തിയതിൽ സേനയെ വിളിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതിൽ ഫയർഫോഴ്സിനും നാണക്കേടായി മാറിയിരുന്നു. ഈ സംഭവത്തിൽ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫയർ ആൻഡ് റെസ്ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 40 മണിക്കൂറിലധികം ഒരു മനുഷ്യൻ ജീവൻ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും തന്നെ സംസ്ഥാന ഓഫീസിലോ ടെക്നിക്കൽ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നൽകിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും പരാതികൾ വ്യാപകമായിരുന്നു.
ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. പാലക്കാട് ജില്ലയിൽ തന്നെ സൈന്യം വന്ന് ചെയ്ത അതേ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ ഉണ്ടായിരുന്നു. സ്കൂബാ ടീം ഉണ്ടായിരുന്നു. അവരെല്ലാം തന്നെ 400 മീറ്റർ താഴ്ചയുള്ള കുന്നിൻചെരിവുകളിൽ പോലും രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ളവരാണ്. വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളുണ്ടായിരുന്നു. അവരെ ഒന്നും ഉപയോഗിക്കാതെ കൈയും കെട്ടി നോക്കിനിന്നു എന്ന പരാതിയുയർന്നിരുന്നു. ജില്ലാ ഫയർ ഓഫീസറുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്ന ആരോപണവും ശക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ