പത്തനംതിട്ട: ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെപ്പോലൊരാളെ കോന്നി സിഐ ആർ ജോസ് കഴിഞ്ഞ ഒരാഴ്ച നേരിട്ടു കാണുകയായിരുന്നു. 70 വയസുള്ള ഭാര്യയെ ആസിഡൊഴിച്ച് കൊന്ന ശേഷം അത് ആത്മഹത്യയാക്കി മാറ്റി, യുക്തിക്ക് നിരക്കുന്ന രീതിയിൽ അവതരിപ്പിച്ച് പൊലീസിനെ വെട്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് തന്ത്രപരമായ നീക്കത്തിനൊടുവിൽ. 70 വയസിന് മുളകിൽ പ്രായമുള്ളവർ കൊന്നാൽ കേസില്ലെന്ന സിഐയുടെ വാക്ക് വിശ്വസിച്ച് എല്ലാം തുറന്നു പറഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിലായി. ഇയാളുടെ മൊഴി കേട്ട് ഞെട്ടിയതോ കേരളാ പൊലീസും.

കോന്നി താഴം കിഴക്കുപുറം പൊലിമല നിരവേൽ റേച്ചലാണ്(അമ്മിണി-70) കഴിഞ്ഞ 22 ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഭർത്താവ് വർഗീസിനെ (73) ആണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ചവിട്ടിയും ആസിഡൊഴിച്ചും കൊന്ന ശേഷം നിഷ്‌കളങ്കനായി നടന്ന വർഗീസിനെ പൊലീസും അവിശ്വസിച്ചില്ല. മക്കളൊക്കെ വിദേശത്തായതിനാൽ വർഗീസും റേച്ചലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ് 22 ന് രാവിലെ റേച്ചൽ കൊല്ലപ്പെടുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

റേച്ചലിന്റെ മൃതദേഹം കിടപ്പുമുറിയിൽ വെറും നിലത്ത് കമിഴ്ന്നു കിടക്കുകയായിരുന്നു. കഴുത്തിൽ നിന്ന് ചോര ഒഴുകി ഇറങ്ങിയിരുന്നു. ശരീരമാസകലം പൊള്ളി തൊലി ഇളകിയ പാടുമുണ്ടായിരുന്നു. മൃതദേഹം കണ്ട് വർഗീസ് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. അയൽപക്കത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളാണ് ഓടിയെത്തി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും വർഗീസിന് ഭാവഭേദമില്ല. തന്നോട് പിണങ്ങി റേച്ചൽ ജീവനൊടുക്കുകയായിരുന്നുവെന്ന് വർഗീസ് മൊഴി നൽകി. എസ്‌പിയടക്കമുള്ളവർ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഇയാൾ മൊഴിയിൽ ഉറച്ചു നിന്നു. ഒരേ രീതിയിലാണ് ഇയാൾ ഉത്തരം പറഞ്ഞിരുന്നത്.

ഇയാളുടെ കൈയിലും മറ്റും റേച്ചലിന്റെ ശരീരത്തിലേതു പോലെ പൊള്ളിയ പാടുണ്ടായിരുന്നു. ഇതെന്തു പറ്റിയെന്ന പൊലീസിന്റെ ചോദ്യത്തിന് തിളച്ച കഞ്ഞിവെള്ളം വീണെന്നായിരുന്നു മറുപടി. എട്ടുവർഷമായി താനും ഭാര്യയുമായി കലഹം പതിവാണെന്നും കഴിഞ്ഞ രാത്രിയും വഴക്കുണ്ടായെന്നും ഇയാൾ പറഞ്ഞു. തന്നോടുള്ള ദേഷ്യത്തിന് ഭാര്യ ആസിഡ് കുടിച്ച് മരിച്ചതാണെന്ന വർഗീസിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചില്ല. കടുത്ത ആസ്ത്മാ രോഗിയായ വർഗീസിന് ഇതിനിടെ രോഗം കലശലായി. തുടർന്ന് പത്തനംതിട്ട സ്വകാര്യ ആശുപത്രി ഐസിയുവിലേക്ക് മാറ്റി. തുടക്കം മുതൽ വർഗീസിനെ നിരീക്ഷിച്ചിരുന്ന സിഐ അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല. രണ്ടുദിവസം മുൻപ് റേച്ചലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടി. ആസിഡ് ഉള്ളിൽ ചെന്നിട്ടില്ലെന്നും ശരീരത്ത് വീണിട്ടുണ്ടെന്നും ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞതാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സിഐ ജോസ്, എസ്‌ഐ ബി രാജഗോപാൽ, പൊലീസുകാരായ വി അനിൽകുമാർ, ആർ ബിജു എന്നിവർ ആശുപത്രിയിലെത്തി ഇയാളെ മാറി മാറി ചോദ്യം ചെയ്തു. ആദ്യം പറഞ്ഞ മൊഴിയിൽ നിന്ന് ഒരക്ഷരം പോലും മാറ്റാൻ വർഗീസ് തയാറായില്ല. ഒടുവിൽ സിഐ ഒരു നമ്പർ ഇറക്കി. റേച്ചൽ മരിച്ചത് ആസിഡ് കുടിച്ചല്ല, ശരീരത്ത് വീണാണ്. നിങ്ങൾ അവരെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നും ഞങ്ങൾക്ക് മനസിലായി. പക്ഷേ,എന്തു ചെയ്യാനാ 70 വയസ് കഴിഞ്ഞതും കടുത്ത ആസ്തമയുള്ളതും കാരണം നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. അറസ്റ്റ് ചെയ്യരുതെന്ന് നിയമമുണ്ട്. അതു കൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെട്ടു. പക്ഷേ, എന്തിനാണ് കൊന്നത് എന്നു മാത്രം പറയണം-സിഐയുടെ ഈ തുറന്നു പറച്ചിലിൽ വർഗീസ് വീണു. തത്ത പറയുന്നതു പോലെ എ ടു ഇസഡ് കാര്യങ്ങൾ അയാൾ പറഞ്ഞു. അതാണ് പൊലീസിനെ ഞെട്ടിച്ചത്.

റേച്ചലിന് ഒരു കാമുകനുണ്ട്. അയാളുമായി ചേർന്ന് അവൾ കൂടോത്രം ചെയ്ത് എന്നെ കൊല്ലാൻ നോക്കി. ഒരു ദിവസം കാലത്തേ ഞാൻ എന്റെ കിടക്ക പൊക്കി നോക്കിയപ്പോൾ അതിനടിയിൽ ഒരു രണ്ടുരൂപ നാണയം. അതിൽ ചന്ദനവും സിന്ദൂരവും ഭസ്മവും പുരണ്ടിരുന്നു. കൂടോത്രം ആണെന്ന് എനിക്ക് മനസിലായി. എന്നെ കൊല്ലാനാണ് പദ്ധതി. അവൾ എന്നെ കൊല്ലും മുൻപ് അവളെ കൊല്ലാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 22 ന് പുലർച്ചെ മൂന്നുമണിയോടെ, ഉറങ്ങിക്കിടന്ന അവളെ ബലമായി ആസിഡ് കുടിപ്പിക്കാൻ ശ്രമിച്ചു. അവൾ എതിർത്തപ്പോൾ ദേഹത്തേക്ക് തെറിച്ചു വീണു. ബാക്കി വന്നത് ദേഹത്തും ഒഴിച്ചു. പൊള്ളി നിലത്തു വീണ് മരണവെപ്രാളം കാണിച്ചപ്പോൾ ഞാൻ ശക്തമായി രണ്ടു ചവിട്ടു കൊടുത്തു. പിന്നെ, അനങ്ങിയില്ല. മരിച്ചെന്ന് ബോധ്യമായപ്പോൾ നിലവിളിച്ച് ആളു കൂട്ടി-ഇതായിരുന്നു വർഗീസിന്റെ മൊഴി. ഇന്നലെ രാവിലെയായിരുന്നു തുറന്നു പറച്ചിൽ.

ഉച്ചയ്ക്ക് ശേഷം സിഐ ഇയാളെ ആശുപത്രിയിൽ നിന്ന് തൂക്കി. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ വർഗീസിന്റെ ശരീരത്തുണ്ടായ പൊള്ളലുകൾ ആസിഡ് വീണതാണെന്ന് സ്ഥിതീകരിച്ചു. മറ്റു ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തി കൊലപാതകം തന്നെയാണെന്നതിന് കൂടുതൽ തെളിവുകൾ കണ്ടെത്തിയെന്നും സിഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.