ന്യൂഡൽഹി: വയോധികസദനത്തിൽ പോകാൻ വിസമ്മതിച്ച 76കാരിയായ മാതാവിനെയാണ് മകൻ കട്ടകൊണ്ട് ഇടിച്ചുകൊന്നത്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ സാഗരപുരിലാണ് സംഭവം.

മാതാവിനെ ഇഷ്ടികകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയത്. ലക്ഷ്മൺ കുമാർ എന്ന 48 കാരനാണ് സ്വന്തം മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അതിനാൽ വീടു വിട്ടുപോകണമെന്നും തൊഴിൽ രഹിതനായ ലക്ഷ്മൺ കുമാർ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് പോകാൻ സ്ഥലമില്ലെന്ന് അമ്മ അറിയിച്ചു. ഒന്നുകിൽ വയോധികസദനം അല്ലെങ്കിൽ ഏതെങ്കിലും ആശ്രമങ്ങളിേേലക്കാ ഫരീദാബാദിൽ താമസിക്കുന്ന മകന്റെ അടുത്തേക്കോ പോകാൻ ലക്ഷ്മൺ ആവശ്യപ്പട്ടു.തനിക്ക് അവിടെയൊന്നും യോജിച്ചുപോകാനാവില്ലെന്ന് കാട്ടിയാണ് വയോധികസദനത്തിലേക്ക് പോകില്ലെന്ന് അമ്മ വാശിപിടിച്ചത്.

ഇതാണ്‌ലക്ഷ്മണിനെ പ്രകോപിതനാക്കിയത്. പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ച ശേഷം ലക്ഷ്മൺ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്ഥിരമായി അമ്മയുമായി വഴക്കു കൂടാക്കാറുണ്ടെന്ന് അയൽക്കാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

താൻ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് ലക്ഷ്മൺ കുമാർ പറയുന്നത്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.