ന്യൂഡൽഹി: ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ നിർദ്ദേശങ്ങളിൽ 34 മാറ്റം വരുത്തിയിട്ടാണ് സർക്കാർ അംഗീകാരം. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന ഈ നടപടി ജൂലൈ 1 മുതൽ നടപ്പിൽ വരും.

പുതിയ ശിപാർശകൾ പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളം 18000 രൂപയായി. കൂടിയ ശമ്പളം രണ്ടരലക്ഷമായേക്കും. വീട്ടുവാടക ആനൂകൂല്യങ്ങൾ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ഓരോ സഗരങ്ങൾക്കനുസാരിച്ചാണ് വീട്ടുവാടക ആനുകൂല്യം നിശ്ചയിക്കുക. സിയാച്ചിനിലെ ജവാന്മാർക്കുള്ള ആനുകൂല്യങ്ങൾ 14000 രൂപയിൽ നിന്ന് 30000 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ട്. പെൻഷൻ പറ്റിയവർക്ക് ഉള്ള ആരോഗ്യ അനുകൂല്യം 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തിയിട്ടുണ്ട്. റിട്ട. ജസ്റ്റീസ് എ.കെ മാത്തൂറിന്റെ അധ്യക്ഷതയിലായിരുന്നു ഏഴാം ശമ്പളക്കമ്മീഷൻ.

2016 ജൂൺ 29-നാണ് ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശകൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. എന്നാൽ, അലവൻസുകൾ അന്ന് പ്രഖ്യാപിച്ചിരുന്നില്ല. അലവൻസുകളെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. 197 അലവൻസുകളാണ് സമിതി പരിശോധിച്ചത്. ഒരേ ലക്ഷ്യത്തോടെയുള്ള അലവൻസുകൾ ഒന്നിച്ചുചേർത്തും ചിലത് പുതുതായി സൃഷ്ടിച്ചും സമിതി നിർദ്ദേശം നൽകി. ഏഴാം ശമ്പളക്കമ്മിഷൻ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ചില അലവൻസുകൾ സമിതി നിലനിർത്തിയിട്ടുണ്ട്.

വീട്ടുവാടക അലവൻസ് അടരക്കം വർദ്ധിപ്പിച്ചു. മൂന്നുവിഭാഗങ്ങളായാണ് നഗരങ്ങളിലെ വീട്ടുവാടക കണക്കാക്കുന്നത്. 30 ശതമാനം, 20 ശതമാനം, 10 ശതമാനം(എക്സ്, വൈ, സെഡ് നഗരങ്ങൾ) എന്നിങ്ങനെയാണ് നേരത്തേ നൽകിയിരുന്നത്. ഇത് 24 ശതമാനം, 16 ശതമാനം, എട്ടുശതമാനം എന്നിങ്ങനെ കുറയ്ക്കാൻ ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ അംഗീകരിച്ചില്ലെന്നുമാത്രമല്ല, വർധിപ്പിക്കുകയും ചെയ്തു. വീട്ടുവാടക അലവൻസ് നഗരങ്ങളുടെ തരം അനുസരിച്ച് 5400, 3600, 1800 രൂപയിൽ കുറയാതെ നൽകണമെന്നാണ് പുതിയ ശുപാർശ. അതായത് മിനിമം വേതനമായ പതിനെട്ടായിരം രൂപയുടെ 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തി. ഒന്നുമുതൽ മൂന്നുവരെ ലെവലിലുള്ള എഴരലക്ഷം ജീവനക്കാർക്ക് ഇത് ഗുണകരമാകും.

സൈനികരുടെ സിയാച്ചിൻ അലവൻസും വർധിപ്പിച്ചു. ജവാന്മാരുടെ അലവൻസ് പതിനാലായിരം രൂപയിൽനിന്ന് ഇരുപത്തിയൊന്നായിരം രൂപയിലേക്കും ഓഫീസർ തലത്തിലുള്ളവർക്ക് മുപ്പതിനായിരം രൂപയിൽനിന്ന് നാൽപ്പത്തിരണ്ടായിരത്തിയഞ്ഞൂറ് രൂപയിലേക്കും വർധിക്കും. സൈനികരുടെ ഡ്രസ് അലവൻസ്, ദുർഘടമേഖലയ്ക്കായുള്ള അലവൻസ് തുടങ്ങിയവയും വർധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് :കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് പ്രതിമാസം 1500 രൂപയിൽനിന്ന് 2250 രൂപയായി വർധിപ്പിക്കും. ഹോസ്റ്റൽ സബ്സിഡി 4500 രൂപയിൽനിന്ന് 6750 രൂപയായി വർധിക്കും.

സൈനികോദ്യോഗസ്ഥർക്ക് അനുവദിക്കുന്ന റേഷൻ മണി അലവൻസ് നിർത്തലാക്കണമെന്ന ശമ്പളക്കമ്മിഷൻ ശുപാർശ സർക്കാർ തള്ളി. റേഷൻ മണി അലവൻസ് നിലനിൽക്കും. ടെക്നിക്കൽ അലവൻസ്, എൽ.ടി.സി., ഹൈ ആൾട്ടിറ്റിയൂഡ് അലവൻസ് എന്നിവയും നിലനിൽക്കും. ഹൈ ആൾട്ടിറ്റിയൂഡ് അലവൻസ് വർധിക്കും. ഫീൽഡ് ഏരിയാ അലവൻസ്, കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻ അലവൻസ്, കമാൻഡോ ബറ്റാലിയൻ ഫോർ റീസല്യൂട്ട് ആക്ഷൻ അലവൻസ്, ഫ്ളയിങ് അലവൻസ്, ഏറോനോട്ടിക്കൽ അലവൻസ് തുടങ്ങിയവയിലും വർധനയുണ്ട്.

നഴ്സുമാർ, ആസ്?പത്രികളിലെ മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കുള്ള അലവൻസുകളും വർധിപ്പിച്ചു. നഴ്സിങ് അലവൻസ് 4800 രൂപയിൽനിന്ന് 7200 രൂപയായി വർധിക്കും. ഓപ്പറേഷൻ തിയേറ്റർ അലവൻസ് പ്രതിമാസം 360 രൂപയായിരുന്നത് ,540 രൂപയായി വർധിക്കും. ഹോസ്?പിറ്റൽ പേഷ്യന്റ് കെയർ അലവൻസ് 2070-2100 രൂപയിൽനിന്ന് 4100-5300 രൂപയായി വർധിക്കും. പെൻഷൻകാരുടെ ഫിക്സഡ് മെഡിക്കൽ അലവൻസ് അഞ്ഞൂറിൽ നിന്ന് ആയിരംരൂപയായി വർധിക്കും. കോൺസ്റ്റൻഡ് അറ്റൻഡൻസ് അലവൻസ് 4500 രൂപയിൽനിന്ന് 6750 രൂപയാവും.

റെയിൽവേ ജീവനക്കാരുടെ അഡീഷണൽ അലവൻസ് 500/1000 രൂപയിൽനിന്ന് 1125/2250 രൂപയായി വർധിക്കും. ട്രെയിൻ കൺട്രോളർമാർക്കായി സ്പെഷ്യൽ ട്രെയിൻ കൺട്രോളേഴ്സ് അലവൻസ് പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം അയ്യായിരം രൂപയാണ് ഈ അലവൻസ്. ശാസ്ത്രവകുപ്പുകളിൽ ലോഞ്ച് കാമ്പയിൻ അലവൻസ്, സ്പേസ് ടെക്നോളജി അലവൻസ് എന്നിവ നിലനിർത്തും. ഇതുരണ്ടും 7500-ൽനിന്ന് 11,250 രൂപയായി ഉയർത്തും. പോസ്റ്റ്മാന്മാർക്ക് നൽകിയിരുന്ന സൈക്കിൾ അലവൻസ് നിർത്തലാക്കണമെന്ന ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചില്ല. ഈ അലവൻസ് 90 രൂപയിൽനിന്ന് 180 രൂപയായി ഉയർത്തും.