- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് ബോട്ടപകടം: എട്ടുപേരെ കണ്ടെത്തി; രക്ഷപ്പെടുത്തിയ തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി;ഒരാളെക്കുറിച്ച് വിവരമില്ല; സംഘത്തെ കാണാതായത് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും
കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു.കോസ്റ്റ്ഗാർഡ് കപ്പലിൽ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കൊച്ചിയിൽ നിന്നുപോയ ബോട്ട് മുങ്ങിയത്. ഒമ്പത് തൊഴിലാളികളെ കാണാതായതായി മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്.
തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റ് ബോട്ടുകളിലുള്ളവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ പരാജയപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നുള്ള മണിവേൽ, മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ജയൻ, പ്രവീൺ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
ഇതിനുപുറമെ കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളെക്കുറിച്ച് വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഇവരെ അറിയിക്കാൻ സംവിധാനമില്ല. കൊച്ചിയിൽനിന്ന് പോയാൽ അരമണിക്കൂറിനകം മൊബൈൽ ഫോൺ ബന്ധം നഷ്ടമാകും.
മറുനാടന് മലയാളി ബ്യൂറോ