തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ കേരളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന് എട്ട് ഷട്ടറുകളുണ്ടാകും. മെയിൻ ഡാമിലായിരിക്കും ഷട്ടറുകൾ. ഈ ഡാമിനു ബലമേകാൻ സമീപം ബേബി ഡാമും നിർമ്മിക്കും. നിലവിലുള്ള അണക്കെട്ടിൽ 13 സ്പിൽവേ ഷട്ടർ മാത്രമേയുള്ളൂ. ജലനിരപ്പ് 136 അടിയിലെത്തുമ്പോഴാണ് ഇതുവഴി പുറത്തേക്ക് ഒഴുക്കിവിടാൻ കഴിയുക. ഷട്ടറുകളുണ്ടെങ്കിൽ ഏതു സമയത്തും വെള്ളം പുറത്തേക്കൊഴുക്കി ഡാമിലെ നിരപ്പു ക്രമീകരിക്കാനാകും.

1000 കോടി രൂപ ചെലവിൽ 4 വർഷത്തിനകം പുതിയ അണക്കെട്ടു നിർമ്മിക്കാനാണു കേരളത്തിന്റെ തീരുമാനം. നിലവിലുള്ള ഡാമിൽ നിന്നു 366 മീറ്റർ താഴെയാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡാമിന്റെയും പരമാവധി സംഭരണ ശേഷി 152 അടിയായിരിക്കും. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണു പുതിയ അണക്കെട്ട് നിർമ്മിക്കുന്നത്. ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടു കേരളം പല തവണ കത്തയച്ചിട്ടും തമിഴ്‌നാട് മറുപടി നൽകിയിട്ടില്ല. വീണ്ടും വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള നടപടി കേരളം ആരംഭിച്ചു.

2011 ലാണു പുതിയ അണക്കെട്ടിനു കേരളം ശുപാർശ ചെയ്തതെങ്കിലും ഇതു നിയമക്കുരുക്കിലായി. 663 കോടി രൂപയാണു പഴയ ഡിപിആറിൽ ചെലവു കണക്കാക്കിയിരുന്നത്. ആ റിപ്പോർട്ടിൽ പൂർണമായി മാറ്റം വരുത്തിയാണു പുതിയ ഡിപിആർ തയാറാക്കുന്നത്.