പറ്റ്‌ന: തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയെ തോട്ടമുടമയും സഹായിയും ചേർന്ന് തല്ലിയും ഷോക്കടിച്ചും കൊലപ്പെടുത്തി. പറ്റ്‌നയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലെ അമേരുൺ കദം എന്ന പെൺകുട്ടിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. 

ചെറിയ പെരുന്നാൾ തലേന്ന് പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്നു അമേരുൺ. ഇടയ്ക്ക് അടുത്ത തോട്ടത്തിൽ മാങ്ങ പറിക്കാൻ കയറിയ കുഞ്ഞിനെ തോട്ടമുടമയും സഹായിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.

മാങ്ങ പറിക്കാൻ പോയ മകൾ പിന്നാലെ എത്തുമെന്ന് കരുതി കരുതി ഇബ്രാഹിം സാഫി വീട്ടിലേക്ക് പോയി. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും മകൾ വരാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകൾ തോട്ടത്തിനടുത്ത് രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്നതായി കണ്ടത്. ഇങ്ങനെയാണ് വിവരം നാട്ടുകാരും അറിയുന്നത്.

ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെൺകുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്. തന്റെ മകളെ തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പൊലീസിനോട് പറഞ്ഞത്. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.