മിയാമി: അമ്മയെ കാണാതെ കരഞ്ഞ ഒരു വയസുകാരിയെ  അടിച്ചു കൊന്ന എട്ടു വയസുകാരനെതിരേ യുഎസ് പൊലീസ് കൊലക്കുറ്റം ചുമത്തി. അലബാമയിൽ കുഞ്ഞിന്റെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞുങ്ങളെ നിർത്തിയ ശേഷം അമ്മ കറ്റേറയും സുഹൃത്തും ക്ലബിൽ പാർട്ടിക്കു പോകുകയായിരുന്നു.

സുഹൃത്തിന്റെ മറ്റു കുട്ടികൾക്കൊപ്പം നിർത്തിയിട്ടു പോയ ഒരു വയസുകാരി കെൽസി അമ്മയെ കാണാഞ്ഞതിനെ തുടർന്ന് കരയുകയായിരുന്നു. കുട്ടിയെ ആശ്വസിപ്പിക്കാൻ എട്ടു വയസുകാരൻ ശ്രമിച്ചുവെങ്കിലും കുട്ടി കരച്ചിൽ നിർത്താൻ കൂട്ടാക്കിയിരുന്നില്ല. ഇതിൽ ദേഷ്യം പൂണ്ട ബാലൻ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഏറ്റ പരിക്കാണ് മരണകാരണമായതെന്നാണ് റിപ്പോർട്ടുകൾ. ആറു കുട്ടികൾ മാത്രമുണ്ടായിരുന്ന വീട്ടിലെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു എട്ടുവയസുകാരൻ.

പാർട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടു മണിക്ക് എത്തിയ കറ്റേറയും സുഹൃത്തും കുട്ടികളെ ശ്രദ്ധിക്കാതെ കിടന്നുറങ്ങുകയായിരുന്നു. രാവിലെ മകൾക്ക് അനക്കമൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് അമ്മ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയുടെ അശ്രദ്ധയാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് അലബാമ പൊലീസ് വ്യക്തമാക്കി. കറ്റേറയ്‌ക്കെതിരേ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്.

സാധാരണ അമേരിക്കയിൽ ചെറിയ കുട്ടികൾക്കെതിരേ കൊലക്കുറ്റം ചുമത്താറില്ലെങ്കിലും എട്ടുവയസുകാരനെതിരേ കൊലക്കുറ്റം ചുമത്തിയത് വാർത്തയായിട്ടുണ്ട്. കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 21 വയസു വരെ ബാലന് ജുവനൈൽ ജയിലിൽ കഴിയേണ്ടി വരും.