ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തിൽ പ്രതിദിന കോവിഡ് വാക്സീൻ വിതരണത്തിൽ ചൈനയെ മറികടന്ന് ലോക റെക്കോർഡിട്ട ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 80 കോടി പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്സിനേഷൻ യജ്ഞത്തിന് ജനുവരി 16നാണ് തുടക്കമിട്ടത്. രാജ്യം 80 കോടി ഡോസുകൾ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രണ്ടര കോടി വാക്സിൻ നൽകി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലോകചരിത്രത്തിലെ സുവർണ അധ്യായമാണെന്ന് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഇന്ത്യ ആദ്യ 10 ഡോസ് വാക്സിൻ 85 ദിവസം കൊണ്ടാണ് വിതരണം ചെയ്തത്. എന്നാൽ 10ൽ നിന്ന് 20 കോടിയിലെത്താൻ 45 ദിവസങ്ങൾ എടുത്തു.

അടുത്ത 10 കോടി 29 ദിവസം കൊണ്ട് പൂർത്തിയാക്കി. 30ൽ നിന്ന് 40 കോടിയിലെത്താൻ 24 ദിവസമെടുത്തു. അടുത്ത 20 ദിനങ്ങൾ കൊണ്ട് 50 കോടിയിലെത്തി. 60 കോടി തികയ്ക്കാൻ 19 ദിനങ്ങളും, അവിടെ നിന്ന് 13 ദിവസം കൊണ്ട് 70 കോടിയും പൂർത്തിയാക്കി. എന്നാൽ വെറും 11 ദിവസങ്ങൾ മാത്രമെടുത്താണ് 80 കോടി തികച്ചത്. രണ്ടാം ഡോസ് എടുത്തവരുടെ 20 കോടിയും കടന്നു.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണു ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.65%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,833 പരിശോധനകൾ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇതുവരെ നടത്തിയത്.