മസ്‌ക്കറ്റ്: സലാല എയർപോർട്ടിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ ഈ വർഷം 80 ശതമാനം വർധന ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു. ഈ വർഷം ജൂലൈ അവസാനം വരെ സലാല എയർപോർട്ടിൽ 1692 അന്താരാഷ്ട്ര വിമാനങ്ങൾ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 80.4 ശതമാനം കൂടുതലാണ്. 938 അന്താരാഷ്ട്ര വിമാനങ്ങളാണ് കഴിഞ്ഞ ജൂലൈയിൽ ഇവിടെയെത്തിയത്.
കൂടാതെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും 66 ശതമാനത്തോളം വർധനയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈയിൽ 79,429 യാത്രക്കാർ എന്നത് ഈ വർഷം 131,786 എന്നതായി ഉയരുകയായിരുന്നു.

ഖത്തർ എയർവേസ്, എയർ അറേബ്യ, ഫ്‌ലൈ ദുബായ്, എയർ ഇന്ത്യ എന്നിവ സലാലയിലേക്കുള്ള സർവീസ് വർധിപ്പിച്ചതാണ് ഇത്തരത്തിൽ യാത്രക്കാരുടെ എണ്ണവും വിമാനങ്ങളുടെ എണ്ണവും വർധിക്കാൻ കാരണം. ഇത്തരത്തിൽ ടൂറിസ്റ്റുകളും ഏറെ സലാലയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഇന്ത്യ, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്‌ലൈറ്റുകളുടെ എണ്ണത്തിലുണ്ടായ വർധന കൂടാതെ ജർമനി, ഓസ്ട്രിയ, സ്വിറ്റ്‌സർലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ചാർട്ടർ ഫ്‌ലൈറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായതായി റിപ്പോർട്ടുണ്ട്.  ഇത്തരത്തിൽ  2014 ജൂലൈ അവസാനത്തോടെ സലാല എയർപോർട്ടിലെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ട്രാഫിക്കിൽ ഏറെ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഒമാൻ എയറും ഇവിടേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.