ശ്രീനഗർ: കഴിഞ്ഞ ആറു മാസത്തിനിടെ കശ്മീരിൽ ഇന്ത്യൻ സൈന്യം വകവരുത്തിയത് 80 തീവ്രവാദികളെ. 115 ലേറെ തീവ്രവാദികൾ മേഖലയിൽ ഇപ്പോഴും സജീവമാണ്. ഇവരിൽ പതിനഞ്ചോളം പേർ വിദേശ തീവ്രവാദികളാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ തുടരും. അവർ എണ്ണത്തിൽ കുറയുന്നതിനനുസരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും സൈന്യത്തിന്റെ വിക്ടർ ഫോഴ്‌സ് വിഭാഗം ജനറൽ കമാൻഡിങ് ഓഫിസർ മേജർ ജനറൽ ബി.എസ്.രാജു അറിയിച്ചു.

തെക്കൻ കശ്മീരിലെ സാഹചര്യങ്ങൾ നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്. കല്ലേറു സംഭവങ്ങൾ കുറഞ്ഞു. ഇടയ്ക്കിടെ തീവ്രവാദികൾ ഇളക്കിവിടുന്ന സംഘർഷങ്ങളിലും കുറവുണ്ടായിട്ടുണ്ട്. മഞ്ഞുകാലം തുടങ്ങിയ സാഹചര്യത്തിൽ ആക്രമണങ്ങൾക്കു സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ തീവ്രവാദികൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ കശ്മീരിലെ ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭീകരർക്കെതിരായ നീക്കം സൈന്യം ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ മെച്ചപ്പെടുന്നതോടെ ഭീകരർക്കെതിരായ നീക്കം സൈന്യം ശക്തമാക്കും. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിൽപ്പെട്ടവരെയാണ് സൈന്യം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദി നേതാക്കളെ കൊന്നൊടുക്കുന്നതിനിടെയും പുതിയ യുവാക്കൾ ഭീകര സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത് സൈന്യത്തിന് വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ മുൻകരുതലെടുക്കണം. തെറ്റായ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്താതിരിക്കാൻ വിദ്യാലയങ്ങളിലും ശ്രമങ്ങളുണ്ടാകണം/